അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനകളിലെ ക്രമക്കേടുകൾ വിവാദമായിരിക്കെ, ക്ഷേത്രത്തിന് സമർപ്പിച്ച കോടികൾ വിലമതിക്കുന്ന സ്വർണം പൂശിയ ‘രാമചരിതമാനസം’ ഗ്രന്ഥം അപ്രത്യക്ഷമായെന്ന ആരോപണവുമായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്മിനാരായണൻ രംഗത്ത്. വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2024 ഏപ്രിലിൽ ഭാര്യ സരസ്വതിയോടൊപ്പം ചേർന്നാണ് ലക്ഷ്മിനാരായണൻ 147 കിലോഗ്രാം ഭാരവും ഏകദേശം അഞ്ച് കോടി രൂപ വിലയുമുള്ള സ്വർണം പൂശിയ ‘രാമചരിതമാനസം’ ഗ്രന്ഥം ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് സമർപ്പിച്ചത്. തുളസീദാസിന്റെ 10,902 ശ്ലോകങ്ങൾ ഉൾപ്പെടുത്തിയ 522 പേജുകളുള്ള ഗ്രന്ഥമാണിത്.
ഭക്തർക്ക് ദർശനത്തിനായി ക്ഷേത്രത്തിൽ പ്രദർശിപ്പിച്ചിരുന്ന ഗ്രന്ഥം പിന്നീട് യാതൊരു വിശദീകരണവും ഇല്ലാതെ നീക്കം ചെയ്തതായി ലക്ഷ്മിനാരായണൻ ആരോപിച്ചു. വിഷയം ക്ഷേത്ര ട്രസ്റ്റിന്റെയും ഉത്തർപ്രദേശ് സർക്കാർ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെയും നേരിൽ കണ്ട് ആശങ്ക അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ക്ഷേത്ര സംഭാവനകളിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് കാഷ്യർ ഉൾപ്പെടെ എട്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയും മറ്റൊരു ട്രസ്റ്റിയും സ്ഥാനമൊഴിഞ്ഞിരുന്നു.
അതേസമയം, സ്വർണ ‘രാമചരിതമാനസം’ നിലവിൽ എവിടെയാണെന്ന കാര്യത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. സംഭവത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
