‘ദൃശ്യം 3’ തെലുങ്ക് ഒടിടി റിലീസിന് ഹൈക്കോടതി വിലക്ക്

മോഹൻലാൽ നായകനായ ‘ദൃശ്യം 3’യുടെ തെലുങ്ക് ഡബ്ബ് പതിപ്പിന്റെ ഒടിടി റിലീസിന് താത്കാലിക തിരിച്ചടി. തെലുങ്ക് റൈറ്റ്സുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മദ്രാസ് ഹൈക്കോടതി ചിത്രത്തിന്റെ ഡബ്ബ് ചെയ്ത പതിപ്പ് റിലീസ് ചെയ്യുന്നതിന് ഇടക്കാല വിലക്ക് ഏർപ്പെടുത്തി.

‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ തെലുങ്ക് റീമേക്ക് അവകാശം തങ്ങൾക്കാണെന്ന് ചൂണ്ടിക്കാട്ടി സംവിധായിക ശ്രീപ്രിയയും അവരുടെ സ്ഥാപനമായ രാജ്കുമാർ തിയേറ്റർ പ്രൈവറ്റ് ലിമിറ്റഡും നൽകിയ ഹർജിയിലാണ് കോടതി നടപടി. ഫ്രാഞ്ചൈസിയുടെ അവകാശങ്ങൾ നിലനിൽക്കുന്നതിനിടെ മൂന്നാം ഭാഗം നേരിട്ട് ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നത് കരാർ ലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം.

വാദങ്ങൾ പ്രാഥമികമായി പരിഗണിച്ച കോടതി, കേസിൽ കൂടുതൽ വിശദമായ വാദങ്ങൾ നടക്കുന്നതുവരെ ‘ദൃശ്യം 3’യുടെ തെലുങ്ക് ഡബ്ബ് പതിപ്പ് ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യരുതെന്ന് നിർദേശിച്ചു. ജൂൺ 18 മുതൽ സ്ട്രീം ചെയ്യാനിരുന്ന പതിപ്പിനാണ് ഇതോടെ താത്കാലിക തടസ്സം നേരിട്ടത്.

മുമ്പ് ‘ദൃശ്യം’, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങൾ തെലുങ്കിൽ നടൻ വെങ്കിടേഷിനെ നായകനാക്കി റീമേക്ക് ചെയ്തിരുന്നു. എന്നാൽ മൂന്നാം ഭാഗം റീമേക്ക് ചെയ്യുന്നതിനുപകരം നേരിട്ട് ഡബ്ബ് ചെയ്ത പതിപ്പായി പുറത്തിറക്കാനാണ് നിർമ്മാതാക്കൾ തീരുമാനിച്ചത്. ഈ തീരുമാനമാണ് ഇപ്പോഴത്തെ നിയമവിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

കേസിൽ തുടർവാദം കേൾക്കാനിരിക്കെ, തെലുങ്ക് പതിപ്പിന്റെ റിലീസ് സംബന്ധിച്ച അന്തിമ തീരുമാനം കോടതിയുടെ വിധിക്ക് ശേഷമായിരിക്കും.

മറുപടി രേഖപ്പെടുത്തുക