നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിന്റെ വിനിയോഗത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിക്കുള്ളിൽ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാതിരുന്ന അദ്ദേഹം, അത്തരം നടപടികൾ പൊതുസമൂഹത്തെ അറിയിക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന് വ്യക്തമാക്കി.
അതേസമയം, അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, മൂന്ന് ബിജെപി നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന ഘടകത്തിന് നൽകിയ ഫണ്ടിന്റെ വിനിയോഗം പരിശോധിച്ച കേന്ദ്ര നേതൃത്വത്തിന്റെ ഓഡിറ്റിൽ വിവിധ മേഖലകളിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി കൊടികളും ചിഹ്നങ്ങളും വിതരണം ചെയ്തത്, സോഷ്യൽ മീഡിയ പ്രചാരണം, ദേശീയ നേതാക്കളുടെ സന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ, ഹെലികോപ്ടർ വാടക, ഡ്രോൺ ഷോ, പോഡ്കാസ്റ്റ് പരിപാടികൾ തുടങ്ങിയവയുടെ പേരിൽ ഫണ്ട് ദുരുപയോഗം നടന്നതായി കണ്ടെത്തിയെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് കാലയളവിന് പിന്നാലെ ചില നേതാക്കളുടെ സാമ്പത്തിക ഇടപാടുകളിലും അസാധാരണ മാറ്റങ്ങൾ ഉണ്ടായതായി ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ കൂടുതൽ നടപടികൾ കേന്ദ്ര നേതൃത്വം പരിഗണിക്കുന്നതായും വിവരം ലഭിക്കുന്നു.
