അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിൽ നടന്ന കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അന്തിമ തീരുമാനമായില്ല. ഈ മാസം 20-ന് കമ്പനി പ്രതിനിധികൾ നേരിട്ടെത്തി വീണ്ടും ചർച്ച നടത്തുമെന്ന് യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു.
കമ്പനിയുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ചപ്പോൾ സ്ഥാപനം ലാഭത്തിലാണെന്ന് വ്യക്തമായതായി മന്ത്രി പറഞ്ഞു. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയായതിനാൽ ആവശ്യത്തിന് ജോലി ലഭിക്കാത്തതാണ് പിരിച്ചുവിടലിന് കാരണമെന്ന കമ്പനിയുടെ വാദം അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.
കേരളത്തിലെ തൊഴിലാളികളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്ന് കമ്പനിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ നിലനിർത്തിക്കൊണ്ട് കമ്പനി കേരളത്തിൽ പ്രവർത്തനം തുടരണമെന്നാണ് സർക്കാരിന്റെ നിലപാട്. അതല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതരാകുമെന്നും കമ്പനി അധികൃതർക്ക് മുന്നറിയിപ്പ് നൽകിയതായി അവർ കൂട്ടിച്ചേർത്തു.
ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങൾക്ക് 20-ന് മറുപടി നൽകാമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. അതേസമയം, പിരിച്ചുവിട്ട ജീവനക്കാരെ അതുവരെ ജോലിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യത്തിൽ തീരുമാനമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യാന്തര സാമ്പത്തിക പ്രതിസന്ധിയും ചെലവുചുരുക്കൽ നടപടികളും പരിഗണിച്ചാണ് കൂട്ടപ്പിരിച്ചുവിടൽ നടത്തിയതെന്ന് കോറോ ഹെൽത്ത് അധികൃതർ യോഗത്തിൽ വിശദീകരിച്ചു. കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലും സമാന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കമ്പനി പ്രതിനിധികൾ ഓൺലൈനായി പങ്കെടുത്തു. പിരിച്ചുവിടപ്പെട്ട ജീവനക്കാരെ പ്രതിനിധീകരിച്ച് കൊച്ചിയിൽ നിന്നും കോഴിക്കോട്ടുനിന്നും രണ്ട് പേർ വീതം യോഗത്തിൽ പങ്കെടുത്തു.
പിരിച്ചുവിടൽ പോലുള്ള നടപടികൾ സ്വീകരിക്കുമ്പോൾ തൊഴിലാളികൾക്ക് നിയമപരമായ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും മുൻകൂട്ടി നോട്ടീസ് നൽകണമെന്നും ട്രേഡ് യൂണിയൻ പ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും ആവശ്യപ്പെട്ടു.
കോറോ ഹെൽത്ത് കേരളത്തിൽ തന്നെ പ്രവർത്തനം തുടരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നതായി മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. സ്ഥാപനത്തിന്റെ പ്രവർത്തനം തുടരുന്നതിനായി സർക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാണെന്നും അവർ അറിയിച്ചു.
യോഗത്തിൽ ഹൈബി ഈഡൻ എം.പി., ഉമ തോമസ് എം.എൽ.എ., എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക, ജില്ലാ ലേബർ ഓഫീസർ എന്നിവരും പങ്കെടുത്തു.
ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ ഡീ-കോഡിംഗ് സ്ഥാപനമായ കോറോ ഹെൽത്ത്, കൊച്ചി ഓഫീസിലെ ഏകദേശം 600 ജീവനക്കാരെയും കോഴിക്കോട് ഓഫീസിലെ 200ഓളം ജീവനക്കാരെയും ഉൾപ്പെടെ 800ലധികം പേരെയാണ് പിരിച്ചുവിട്ടത്.
മുന്നറിയിപ്പോ മുൻകൂർ നോട്ടീസോ ഇല്ലാതെയാണ് നടപടി സ്വീകരിച്ചതെന്നാണ് ജീവനക്കാരുടെ പരാതി. ഓഫീസിൽ നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ അടുത്ത ദിവസം മുതൽ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് അറിയിച്ചതായും പിന്നീട് കമ്പനിയുടെ ഔദ്യോഗിക ലെറ്റർഹെഡോ ചിഹ്നങ്ങളോ ഇല്ലാത്ത സാധാരണ വെള്ളക്കടലാസിൽ പിരിച്ചുവിടൽ കത്ത് നൽകിയതായും ജീവനക്കാർ ആരോപിക്കുന്നു.
സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് സർക്കാർ ഇടപെട്ട് ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്.
