ബിജെപി കൊടികൾ വാങ്ങിയെന്ന പേരിൽ വ്യാജ ബില്ലുകൾ സമർപ്പിച്ച സംഭവത്തിൽ സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകി. വ്യാജ ബിൽ നിർമിച്ച് ഉപയോഗിച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. തിരുവനന്തപുരം കണിച്ചോട് പ്രവർത്തിക്കുന്ന എ.എ. ഏജൻസീസ് സ്ഥാപന ഉടമയാണ് പരാതിക്കാരൻ.
കഴിഞ്ഞ നാല് വർഷമായി സ്ഥാപനത്തിൽ കമ്പ്യൂട്ടർ ബില്ലിംഗ് സംവിധാനം ഉപയോഗിക്കുന്നില്ലെന്നും തന്റെ സ്ഥാപനത്തിന്റെ പേരിൽ പ്രചരിക്കുന്ന ബില്ലുകൾ വ്യാജമാണെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊടികൾ വാങ്ങിയെന്ന പേരിൽ വ്യാജ ബിൽ സമർപ്പിച്ച വിവരം ആദ്യം പുറത്തുകൊണ്ടുവന്നത് ന്യൂസ് മലയാളമാണ്. വാമനപുരം കണിച്ചോട് പ്രദേശത്തെ ഒരു ബിജെപി പ്രാദേശിക നേതാവിന്റെ പലചരക്ക് കടയുടെ ബില്ലുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ തന്റെ കടയിൽ ഒരിക്കലും പാർട്ടി കൊടികൾ വിൽപ്പന നടത്തിയിട്ടില്ലെന്ന് കടയുടമ വ്യക്തമാക്കിയിരുന്നു.
അതേസമയം, പാർട്ടി ഫണ്ടുകളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പാർട്ടി കൊടികളും ചിഹ്നങ്ങളും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട ചെലവുകൾ മുതൽ സോഷ്യൽ മീഡിയ പ്രചാരണത്തിനായുള്ള ഫണ്ടുകൾ വരെ വിവിധ മേഖലകളിൽ ക്രമക്കേടുകൾ നടന്നതായി ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ച ഓഡിറ്റിങ് സംഘം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്ര നേതൃത്വം സൗജന്യമായി നൽകിയ പാർട്ടി കൊടികളും ചിഹ്നങ്ങളും വിതരണം ചെയ്തതിന്റെ പേരിൽ കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി ഒരു വനിതാ നേതാവിനെതിരെ കണ്ടെത്തലുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ, മറ്റൊരു നേതാവ് സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന ഏകദേശം 40 ലക്ഷം രൂപയും വായ്പാ ബാധ്യതകളും തീർത്തതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം.
സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്ന ഒരാൾ 17 ലക്ഷം രൂപ വിലവരുന്ന കാർ ഇഎംഐ ഇല്ലാതെ പണമായി വാങ്ങിയതും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കാർ വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഏലം വിറ്റ് ലഭിച്ച തുകയാണെന്നായിരുന്നു വിശദീകരണമെന്നാണ് റിപ്പോർട്ടുകൾ.
വ്യാജ ബിൽ വിവാദവും പാർട്ടി ഫണ്ടുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളും പുറത്തുവന്ന സാഹചര്യത്തിൽ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടുള്ള സമ്മർദം ശക്തമാകുകയാണ്.
