കേരളത്തെ നടുക്കിയ ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ഒളിവുജീവിതവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ടാക്സി ഡ്രൈവർ ശിവദാസൻ. കൊലപാതകത്തിന് ശേഷം സുകുമാരക്കുറുപ്പിനെ നാടുവിടാൻ സഹായിച്ചത് കായംകുളത്തെ ഒരു പ്രാദേശിക കോൺഗ്രസ് നേതാവാണെന്നാണ് ശിവദാസന്റെ വെളിപ്പെടുത്തൽ.
കോൺഗ്രസ് നേതാവിന്റെ നിർദേശപ്രകാരമാണ് താൻ റെയിൽവേ സ്റ്റേഷനിലേക്ക് വാഹനം എത്തിച്ചതെന്ന് ശിവദാസൻ പറഞ്ഞു. വൈകിട്ട് ഏഴുമണിയോടെ രണ്ടുപേരെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടതായും ആദ്യം മാവേലിക്കരയിലേക്ക് പോകാനാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് യാത്ര കൊല്ലം വരെ നീട്ടുകയായിരുന്നു.
റെയിൽവേ സ്റ്റേഷന്റെ മുൻവശത്ത് വാഹനം നിർത്താതെ പുറത്തുവെച്ച് യാത്രക്കാരെ ഇറക്കണമെന്ന് ആവശ്യപ്പെട്ടതായും അന്നത്തെ നിരക്കുപ്രകാരം 150 രൂപ നൽകിയതായും ശിവദാസൻ പറഞ്ഞു. യാത്രക്കാരെക്കുറിച്ച് അന്ന് യാതൊരു സംശയവും തോന്നിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വിളിച്ചുവരുത്തി ഫോട്ടോ കാണിച്ചപ്പോഴാണ് യാത്രക്കാരിൽ ഒരാൾ സുകുമാരക്കുറുപ്പാണെന്ന് മനസ്സിലായതെന്ന് ശിവദാസൻ പറഞ്ഞു. സുകുമാരക്കുറുപ്പും ഡ്രൈവർ പൊന്നപ്പനുമാണ് തന്റെ വാഹനത്തിൽ യാത്ര ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കായംകുളത്തെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ ഒരാളുടെ വീട്ടിൽ നിന്നാണ് യാത്രക്കാരെ കയറ്റിയതെന്നും, പരിചയമുള്ള ആളിന്റെ ആവശ്യപ്രകാരമായതിനാൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചില്ലെന്നും ശിവദാസൻ പറഞ്ഞു.
അതേസമയം, സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു. കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ മുറിവിന് ചികിത്സ തേടി സുകുമാരക്കുറുപ്പ് എത്തിയിരുന്നുവെന്ന നഴ്സ് രത്നമ്മയുടെ വെളിപ്പെടുത്തലും ഇതിനിടെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
കേരളത്തിലെ ഏറ്റവും ദുരൂഹമായ കുറ്റകൃത്യങ്ങളിലൊന്നായി തുടരുന്ന സുകുമാരക്കുറുപ്പ് കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
