അയോധ്യ രാമക്ഷേത്ര സിഇഒ തസ്തികയ്ക്ക് വൻ പ്രതികരണം; രണ്ട് ദിവസത്തിൽ ആയിരത്തിലേറെ അപേക്ഷകൾ

അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പുതുതായി സൃഷ്ടിച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയ്ക്ക് വൻ പ്രതികരണം. വിജ്ഞാപനം പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളിൽ ആയിരത്തിലധികം അപേക്ഷകളാണ് ട്രസ്റ്റിന് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.

ക്ഷേത്രത്തിന്റെ ഭരണപരവും സാമ്പത്തികവുമായ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും പ്രൊഫഷണൽ നിലവാരത്തിലുള്ളതുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റ് സിഇഒ തസ്തിക സൃഷ്ടിച്ചത്. ജൂലൈ 13-നാണ് അപേക്ഷ ക്ഷണിച്ചത്. വിരമിച്ച ബ്യൂറോക്രാറ്റുമാരും മുൻ മുതിർന്ന ഭരണ ഉദ്യോഗസ്ഥരുമാണ് അപേക്ഷകരിൽ കൂടുതലും. ജൂലൈ 18 വൈകിട്ട് 4 മണിവരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അതിനാൽ അപേക്ഷകളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ.

അപേക്ഷകൾ പരിശോധിക്കുന്നതിനായി മൂന്ന് അംഗങ്ങളടങ്ങിയ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജൂലൈ 19 മുതൽ അപേക്ഷകളുടെ സൂക്ഷ്മപരിശോധന ആരംഭിക്കും. ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കൽ, അഭിമുഖം എന്നിവ പൂർത്തിയാക്കിയ ശേഷം ജൂലൈ 22-ന് ചേരുന്ന ട്രസ്റ്റ് യോഗത്തിൽ സിഇഒ നിയമനത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

ക്ഷേത്രത്തിലെ സംഭാവനകൾ ദുരുപയോഗം ചെയ്തെന്ന ആരോപണത്തെ തുടർന്നുള്ള വിവാദങ്ങളും അന്വേഷണവും തുടരുന്നതിനിടെയാണ് പുതിയ നിയമന നടപടികൾ നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചില ജീവനക്കാരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉത്തർപ്രദേശ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ക്ഷേത്ര ഭരണത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയെന്ന ലക്ഷ്യവും പുതിയ സിഇഒ നിയമനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.

മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അമിതാഭ് താക്കൂറും സിഇഒ തസ്തികയ്ക്കായി അപേക്ഷിച്ചതായി അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥന് പ്രാരംഭമായി മൂന്ന് വർഷത്തെ കാലാവധിയായിരിക്കും ലഭിക്കുക. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി പിന്നീട് ദീർഘിപ്പിക്കാനും ട്രസ്റ്റിന് അധികാരമുണ്ട്. ട്രസ്റ്റിന്റെ തീരുമാനങ്ങൾ നടപ്പാക്കുക, സാമ്പത്തിക കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുക, ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയായിരിക്കും പുതിയ സിഇഒയുടെ പ്രധാന ചുമതലകൾ.

മറുപടി രേഖപ്പെടുത്തുക