കൊച്ചിയിലെ ടാറ്റ നിക്ഷേപം: കപ്പൽനിർമാണശാലയിൽ ആർട്സന്റെ മൂലധനം 10 കോടി മാത്രം; മുഖ്യമന്ത്രിയുടെ വാദം വീണ്ടും പൊളിയുന്നു

കപ്പൽനിർമാണശാലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, കൊച്ചിയിൽ ടാറ്റ ഗ്രൂപ്പ് നടത്തുന്ന നിക്ഷേപത്തിന്റെ യഥാർഥ സ്വഭാവം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു. ആർട്സൺ ലിമിറ്റഡ്, മലബാർ സിമന്റ്സുമായി ചേർന്ന് നടപ്പാക്കുന്ന ബോട്ട് നിർമാണശാല പദ്ധതിയിൽ ആർട്സന്റെ മൂലധന നിക്ഷേപം വെറും 10 കോടി രൂപ മാത്രമാണെന്നാണ് വിവരം. ഈ പദ്ധതി മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കരാറിലെത്തിയത്.

ആർട്സൺ ലിമിറ്റഡ്, മലബാർ സിമന്റ്സ്, ECHT എന്നീ കമ്പനികളാണ് പദ്ധതിയിലെ പങ്കാളികൾ. പദ്ധതിക്കായി ആവശ്യമായ ഭൂമി മലബാർ സിമന്റ്സ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 56 കോടി രൂപ നൽകി ദീർഘകാല പാട്ടത്തിനെടുത്തതാണ്. അതിനുശേഷം വാർഷിക പാട്ടത്തുകയും കമ്പനി അടച്ചുവരുന്നു.

പദ്ധതിയിലെ പ്രധാന സാമ്പത്തിക നിക്ഷേപം ECHT ആണ് നടത്തുക. ആർട്സൺ സാങ്കേതിക പിന്തുണ മാത്രമാണ് നൽകുക. ഇക്വിറ്റി ഷെയറിംഗ് ഉൾപ്പെടുന്ന ഇൻകോർപ്പറേറ്റഡ് ജോയിന്റ് വെഞ്ചറല്ല ഇത്. ലാഭ-നഷ്ട പങ്കിടൽ അടിസ്ഥാനമാക്കിയുള്ള അൺ-ഇൻകോർപ്പറേറ്റഡ് ജോയിന്റ് വെഞ്ചർ മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. ജൂൺ 30 വരെ പദ്ധതിക്കായി ആർട്സൺ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. ടാറ്റ പ്രോജക്ട്സിന്റെ അനുബന്ധ സ്ഥാപനമായാണ് ആർട്സൺ പ്രവർത്തിക്കുന്നത്.

അതേസമയം, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആർട്സൺ നഷ്ടത്തിലാണ്. 26.5 കോടി രൂപ വരുമാനം നേടിയെങ്കിലും 44 ലക്ഷം രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

കപ്പൽ നിർമാണശാലയ്ക്കായി ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപ നിക്ഷേപിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ അവകാശവാദം ടാറ്റ ഗ്രൂപ്പ് തന്നെ പിന്നീട് നിഷേധിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി.

തുടർന്ന്, “മിഷൻ സമുദ്ര” പദ്ധതിയിലൂടെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ മൂല്യമാണ് 10,000 കോടി രൂപയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മലബാർ സിമന്റ്സ് ലിമിറ്റഡും ടാറ്റ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എഞ്ചിനീയറിംഗ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്ന സംയുക്ത സംരംഭത്തിന് സർക്കാർ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക