മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ചരിത്രപ്രസിദ്ധമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോഗ്രാം ഭാരമുള്ള പുരാതന പീരങ്കി മോഷണം പോയ സംഭവത്തിൽ വ്യാപക അന്വേഷണം ആരംഭിച്ചു. സിന്ധ്യ രാജവംശത്തിന്റെ കാലഘട്ടവുമായി ബന്ധപ്പെട്ട ഈ പീരങ്കി ക്രെയിനും ട്രക്കും ഉപയോഗിച്ചാണ് അക്രമികൾ കടത്തിക്കൊണ്ടുപോയതെന്നാണ് പൊലീസ് കണ്ടെത്തൽ.
ജൂലൈ 15-ന് അർധരാത്രിയോടെയായിരുന്നു സംഭവം. 25 മുതൽ 30 വരെ പേരടങ്ങുന്ന ആയുധധാരികളായ സംഘം കോട്ടയുടെ പിൻവാതിലിലൂടെ അകത്ത് കടന്നതായി അന്വേഷണസംഘം അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ ബൽകിഷനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതികൾ മോഷണം നടത്തിയത്. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് പീരങ്കി ട്രക്കിൽ കയറ്റി സംഘം രക്ഷപ്പെടുകയായിരുന്നു.
കോട്ടയിൽ ആകെ 14 പുരാതന പീരങ്കികളാണുള്ളത്. ഇവയിൽ ചരിത്രപരമായും കലാപരമായും ഏറെ പ്രാധാന്യമുള്ള പതിനാറാം നൂറ്റാണ്ടിലെ പീരങ്കിയാണ് മോഷ്ടിക്കപ്പെട്ടത്. സിന്ധ്യ ഭരണകാലത്ത് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഈ പീരങ്കിയിലെ കൊത്തുപണികളും അടയാളങ്ങളും അതിന്റെ പൈതൃക മൂല്യം വ്യക്തമാക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. കരേര എസ്‍ഡിപിഒ പ്രശാന്ത് ശർമ്മയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങൾ പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരുന്നു.
സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പുരാവസ്തു വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തരുൺ കുമാർ മഹോബിയ അറിയിച്ചു. കോട്ടയിലെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൈതൃക വസ്തുക്കൾ കടത്തുന്ന അന്താരാഷ്ട്ര സംഘങ്ങളുടെ പങ്ക് ഉൾപ്പെടെ എല്ലാ സാധ്യതകളും പൊലീസ് പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
