ജയിൽ സുരക്ഷയുടെ ഭാഗമായി നൈൽ മുതലകളെ ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ. ഇസ്രായേലിൽ നൈൽ മുതലകളെ “പരിപാലിക്കാവുന്ന വന്യമൃഗങ്ങൾ” എന്ന വിഭാഗത്തിലേക്ക് മാറ്റിയതോടെയാണ് ജയിലുകളിൽ ഇവയെ വിന്യസിക്കാനുള്ള സാധ്യത വീണ്ടും ചർച്ചയായത്.
ജയിലുകളിൽ മുതലകളുള്ള കിടങ്ങുകൾ സ്ഥാപിക്കണമെന്ന വിവാദ നിർദേശം കഴിഞ്ഞ വർഷം അവസാനത്തോടെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമർ ബെൻ-ഗ്വിർ മുന്നോട്ടുവച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മുതലകൾ സുരക്ഷ ശക്തിപ്പെടുത്താനും തടവുകാരുടെ രക്ഷപ്പെടൽ ശ്രമങ്ങൾ തടയാനും സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
നേരത്തെ നൈൽ മുതലകളെ മൃഗശാലകളിലും വന്യജീവി സങ്കേതങ്ങളിലും മാത്രം സൂക്ഷിക്കാൻ കഴിയുന്ന വന്യമൃഗങ്ങളുടെ പട്ടികയിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ഇതോടെ ജയിലുകളിൽ ഇവയെ ഉപയോഗിക്കുന്ന പദ്ധതി നിയമപരമായി നടപ്പാക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക്സ് അതോറിറ്റി.
എന്നാൽ പരിസ്ഥിതി സംരക്ഷണ മന്ത്രി ഇഡിറ്റ് സിൽമാൻ നൈൽ മുതലകളുടെ വിഭാഗീകരണം മാറ്റിയതോടെ ഈ നിയമതടസം നീങ്ങിയതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ വർഗ്ഗീകരണം അനുസരിച്ച് ജയിലുകൾ ഉൾപ്പെടെയുള്ള കൂടുതൽ സ്ഥലങ്ങളിൽ ഇവയെ സൂക്ഷിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, മുതലകളുടെ നില സംബന്ധിച്ച് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ മന്ത്രിക്ക് അധികാരമില്ലെന്ന് മന്ത്രാലയത്തിലെ നിയമ ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബെൻ-ഗ്വിർ, സിൽമാൻ എന്നിവർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്.
പ്രാഥമികമായി തെക്കൻ ഇസ്രായേലിലെ കെറ്റ്സിയോട്ട് ജയിലിലാണ് മുതലകളെ വിന്യസിക്കാൻ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രധാനമായും പലസ്തീൻ തടവുകാരെ പാർപ്പിക്കുന്ന ഈ ജയിലിലേക്ക് പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ഇസ്രായേൽ ജയിൽ സർവീസ് ഉദ്യോഗസ്ഥർ മുതല ഫാം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചതായും പറയുന്നു.
മുതലകളെ വാങ്ങുന്നതിനുള്ള ചെലവും ജയിൽ സുരക്ഷാ സംവിധാനവുമായി താരതമ്യം ചെയ്തുകൊണ്ടാണ് അധികൃതർ പദ്ധതി വിലയിരുത്തുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, മൃഗങ്ങളെ സുരക്ഷാ സംവിധാനമായി ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.
