പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ച സംഭവങ്ങൾ ഉണ്ടായിട്ടും നിരവധി വിദ്യാർത്ഥികൾ കൂടുതൽ കഠിനാധ്വാനം ചെയ്ത് മികച്ച വിജയം നേടിയതായി അവർ പറഞ്ഞു.
വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് നിർമ്മല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകിയിരുന്നുവെന്നും അവർ പറഞ്ഞു.
ചോർച്ച വിവാദങ്ങൾക്ക് പിന്നാലെ സർക്കാർ വേഗത്തിൽ ഇടപെട്ട് പരീക്ഷകൾ വീണ്ടും നടത്തുകയും ഫലങ്ങൾ സമയബന്ധിതമായി പ്രഖ്യാപിക്കുകയും ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ വിദ്യാർത്ഥികൾക്ക് തുടർപഠന നടപടികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചതായും അവർ പറഞ്ഞു.
കേസുകളുടെ വേഗത്തിലുള്ള വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചോദ്യപേപ്പർ വിൽപ്പനയിലും വാങ്ങലിലും പങ്കെടുത്ത നിരവധി പേരെ അറസ്റ്റ് ചെയ്തതായും അവർ കൂട്ടിച്ചേർത്തു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ സമഗ്ര അഴിച്ചുപണി നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി 47 ഉദ്യോഗസ്ഥരെ ഇതിനകം ചുമതലകളിൽ നിന്ന് മാറ്റിയതായും നിർമ്മല സീതാരാമൻ പറഞ്ഞു.
അതേസമയം, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥി പ്രതിഷേധം തുടരുകയാണ്. എന്നാൽ മന്ത്രിയുടെ രാജി പരിഗണനയിലില്ലെന്നും അദ്ദേഹത്തിന് ബിജെപി നേതൃത്വത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
