മേജർ രവിക്കെതിരെ പ്ലസ് ടു വിദ്യാർഥിനിയുടെ വക്കീൽ നോട്ടീസ്; ജന്തർമന്തർ സമരക്കാരെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിലെ ജന്തർമന്തറിൽ നടക്കുന്ന വിദ്യാർഥി സമരത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം വിവാദ പരാമർശങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയുകയും ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യുകയും വേണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെ സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ അപകീർത്തിപ്പെടുത്തിയെന്നാണ് ആരോപണം.

നീറ്റ് വിഷയത്തിൽ ജന്തർമന്തർ സമരത്തെ പിന്തുണച്ച് മോഹൻലാലിന്റെ മകളും എഴുത്തുകാരിയുമായ വിസ്മയ മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതിന് പിന്നാലെ മേജർ രവി വിമർശനവുമായി രംഗത്തെത്തിയിരുന്നു. വിസ്മയയ്ക്ക് വിഷയത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം അറിയില്ലെന്നും വികാരാധീനമായാണ് പ്രതികരിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ മദ്യത്തിനും സൗജന്യ ഭക്ഷണത്തിനും വേണ്ടിയാണ് പ്രതിഷേധിക്കുന്നതെന്ന തരത്തിലുള്ള പരാമർശങ്ങൾ മേജർ രവി നടത്തിയതായും അവ പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. മാനനഷ്ടത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രീം കോടതി അഭിഭാഷകൻ വിനീത് എസ്. വർക്കലവിള മുഖേനയാണ് മാളവികയുടെ പേരിൽ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക