നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു. പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചതായി അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അറിയിച്ചു. പ്രധാന്റെ രാജിയോടെ പ്രതിഷേധക്കാർ മുന്നോട്ടുവെച്ച മുഴുവൻ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുകയാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ‘സി.ജെ.പി’ ഉന്നയിച്ച ഉറച്ച നിലപാടാണ് ഒടുവിൽ ലക്ഷ്യം കണ്ടത്. പ്രധാന്റെ രാജിയില്ലാതെ കേന്ദ്ര സർക്കാരുമായി തുടർചർച്ചകൾ സാധ്യമല്ലെന്ന് സി.ജെ.പി ശനിയാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. രാജി പ്രഖ്യാപനം വന്നതോടെ ആഴ്ചകൾ നീണ്ട ചർച്ചകളിലെ സ്തംഭനാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്.
വെള്ളിയാഴ്ച നടന്ന ചർച്ചയിൽ അവസാനത്തെ രണ്ട് ആവശ്യങ്ങളിലും കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിരുന്നെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു. എന്നാൽ, രാജിയില്ലാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന പ്രതിഷേധക്കാരുടെ ഉറച്ച നിലപാടിന് മുന്നിൽ സർക്കാരിന് വഴങ്ങേണ്ടി വന്നു.
“രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളോടും വികാരങ്ങളോടും ന്യായമായ പ്രതീക്ഷകളോടും എനിക്ക് ആഴമായ ബഹുമാനമുണ്ട്. ഭാരതത്തിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ ധാർമ്മിക ദൃഢനിശ്ചയമാണ്. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ രാഷ്ട്രത്തെ സേവിക്കാൻ അവസരം ലഭിച്ചതിൽ നന്ദി അറിയിക്കുന്നു.” — ധർമ്മേന്ദ്ര പ്രധാൻ (എക്സ് പോസ്റ്റിൽ നിന്ന്)
