കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്; പാർട്ടിക്ക്‌ ആശയവും നയപരിപാടികളുണ്ട്: കെസി വേണുഗോപാൽ

കോൺഗ്രസിനെ വിമർശിക്കുകയും ബിജെപിയെ പ്രശംസിക്കുകയും ചെയ്യുന്ന ശശി തരൂർ എംപിയുടെ പരാമർശങ്ങൾ തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. തരൂരിന്റെ പരാമർശങ്ങൾ പലപ്പോഴും പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നതാണ് വാസ്തവം ..

“സിപിഐഎമ്മിൽ ഇത്തരത്തിലുള്ള ഒരു നേതാവുണ്ടായിരുന്നുവെങ്കിൽ ആ പാർട്ടിയിൽ നിൽക്കാനാകുമോ? ശശി തരൂർ സിപിഐഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയനെതിരെ ഒരു വാക്ക് പോലും പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ?” എന്നായിരുന്നു വേണുഗോപാലിന്റെ ചോദ്യമുയർന്നത്. കോൺഗ്രസിൽ അഭിപ്രായവ്യത്യാസങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“ടി.പി. ചന്ദ്രശേഖരന്റെ അനുഭവം നമ്മുക്കെല്ലാവർക്കും മുന്നിലുണ്ട്. കോൺഗ്രസ് ഒരു ആശയ-നയ പാർട്ടിയാണ്. ഒരു നേതാവിന്റെ വ്യക്തിപരമായ അഭിപ്രായം കൊണ്ട് പാർട്ടിയുടെ നിലപാട് മാറില്ല. പ്രവർത്തകസമിതി എടുക്കുന്ന തീരുമാനമാണ് അന്തിമം. അതിൽ നിന്ന് മാറുന്നവരുടെ അഭിപ്രായം വ്യക്തിപരമായതാണ്; അത് ശ്രദ്ധയിൽവെക്കുകയും ആവശ്യമായ സമയം നൽകുകയും ചെയ്യും,” വേണുഗോപാൽ കൂട്ടിച്ചേർത്തു.

അതേസമയം, പി.എം. ശ്രീ വിദ്യാഭ്യാസ പദ്ധതി സംബന്ധിച്ച കരാർ ഒപ്പിടുന്നതിൽ ജോൺ ബ്രിട്ടാസ് എംപി മധ്യസ്ഥത വഹിച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ പരാമർശത്തെയും വേണുഗോപാൽ ചോദ്യം ചെയ്തു. ധർമേന്ദ്ര പ്രധാന്റ്റെ പ്രസ്താവന യാഥാർഥ്യവിരുദ്ധമാണെങ്കിൽ ജോൺ ബ്രിട്ടാസ് പ്രിവിലേജ് നോട്ടീസ് നൽകേണ്ടതുണ്ടായിരുന്നുവെന്നും, അത് ചെയ്യാത്തത് പല കാര്യങ്ങളും വ്യക്തമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി–സിപിഐഎം ബന്ധം കൂടുതൽ തുറന്നുവരുന്നതായും വേണുഗോപാൽ ആരോപിച്ചു. ലേബർ കോഡും പി.എം. ശ്രീ പദ്ധതിയും സംബന്ധിച്ച ചർച്ചകളും കൂടിക്കാഴ്ചകളും ഇതിന്റെ തെളിവുകളാണെന്ന് അദ്ദേഹം പറഞ്ഞു. “കമ്യൂണിസ്റ്റ് ആശയങ്ങൾ പണയംവെച്ച് അധികാരത്തിനായി മോദിയുടെ മുന്നിൽ വഴങ്ങുന്ന സർക്കാരാണ് ഇപ്പോഴുള്ളത്; സിപിഐഎം പ്രവർത്തകർ ഇത് ചർച്ച ചെയ്യേണ്ടതാണ്,” എന്നും വേണുഗോപാൽ വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക