ആശമാരുടെ ഓണറേറിയം വര്‍ധന മല എലിയെ പ്രസവിച്ചത് പോലെ; പരിഹാസവുമായി കെ.എന്‍ ബാലഗോപാല്‍

ആശാപ്രവർത്തകരുടെ ഓണറേറിയം വർധനവ് “മല എലിയെ പ്രസവിച്ചതുപോലെ” ആണെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ പരിഹസിച്ചു . യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച വർധന വെറും 3000 രൂപ മാത്രമാണെന്നും, ഇടത് സർക്കാർ കഴിഞ്ഞ ആറുമാസത്തിനിടെ രണ്ട് തവണയായി 2000 രൂപ വർധിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആയിരം രൂപ മാത്രമായിരുന്ന ആശാപ്രവർത്തകരുടെ ഓണറേറിയം 9000 രൂപയായി ഉയർത്തിയത് ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണെന്നും ബാലഗോപാൽ വ്യക്തമാക്കി.

ആശാപ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയാക്കുകയും വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ മാസങ്ങളോളം സമരം നടന്നിരുന്നു. അധികാരത്തിലെത്തിയാൽ എല്ലാ ആവശ്യങ്ങളും നടപ്പാക്കുമെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നുവെങ്കിലും, അധികാരത്തിലെത്തിയ ശേഷം പ്രഖ്യാപിച്ചത് വെറും 3000 രൂപ വർധന മാത്രമാണെന്ന് കെ.എൻ. ബാലഗോപാൽ ആരോപിച്ചു.

“രണ്ടാം പിണറായി സർക്കാർ മാത്രം ആശാപ്രവർത്തകർക്ക് ആകെ 3000 രൂപയുടെ വർധന നൽകിയിട്ടുണ്ട്. അങ്കൺവാടി, പ്രീ-പ്രൈമറി, സ്കൂൾ പാചക തൊഴിലാളികൾ, കരാർ ജീവനക്കാർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങൾക്കും സമാനമായ രീതിയിൽ ആനുകൂല്യങ്ങൾ വർധിപ്പിച്ചിരുന്നു,” എന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ 1000 രൂപയായിരുന്ന ആശാ ഓണറേറിയം, രണ്ടാം പിണറായി സർക്കാർ കാലാവധി അവസാനിക്കുമ്പോൾ 9000 രൂപയായി ഉയർന്നുവെന്നും ആകെ 8000 രൂപയുടെ വർധന ആ കാലയളവിൽ നൽകിയതായും ബാലഗോപാൽ ചൂണ്ടിക്കാട്ടി.

വി.എസ്. അച്യുതാനന്ദൻ സർക്കാർ കാലാവധി അവസാനിക്കുമ്പോൾ 500 രൂപയായിരുന്ന ആശാ ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ നടന്ന സമരം കേരളം മറന്നിട്ടില്ലെന്നും, അഞ്ചുവർഷത്തിനൊടുവിൽ 500 രൂപയുടെ വർധന മാത്രമാണ് അന്ന് പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക