ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതിയിൽ പൊലീസ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും അന്വേഷണം കൈമാറേണ്ട സാഹചര്യമില്ലെന്നും പൊലീസ് കോടതിയിൽ വിശദീകരിച്ചു.

ഇഡി പരിശോധന സംബന്ധിച്ച് മുൻകൂർ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും സുരക്ഷാ ക്രമീകരണങ്ങളിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇന്റലിജൻസ് വിഭാഗത്തിന്റെ ഭാഗത്തുനിന്നും പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചു.

മെയ് 27-നാണ് തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എട്ട് മണിക്കൂറിലേറെ നീണ്ട മിന്നൽ പരിശോധന നടത്തിയത്. മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നത്.

പരിശോധനയ്ക്കിടെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവും സംഘർഷവുമുണ്ടായ സംഭവത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയിൽ പൊലീസ് നിലപാട് അറിയിച്ചത്.

മറുപടി രേഖപ്പെടുത്തുക