റഷ്യൻ നിർമ്മിത വൈദ്യുതി പദ്ധതിയുമായി ബംഗ്ലാദേശ് ആണവ യുഗത്തിലേക്ക്

ബംഗ്ളാദേശിലെ റൂപ്പർന്യുക്ലിയർ പവർ പ്ലാന്റിൽ ആദ്യ റിയാക്ടറിൽ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ ആരംഭിച്ചതോടെ രാജ്യത്ത് പരീക്ഷണാത്മക ആണവോർജ്ജ ഉത്പാദനത്തിന് വഴി തുറന്നു. റോസാസ്‌റ്റത്തിന്റെ സഹായത്തോടെ റഷ്യയിൽ നിർമ്മിച്ച ഈ പദ്ധതിയാണ് ബംഗ്ലാദേശിന്റെ ഊർജ്ജ മേഖലയിലെ പ്രധാന മുന്നേറ്റമായി കണക്കാക്കപ്പെടുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, നിലയം പൂർണ്ണമായി പ്രവർത്തനക്ഷമമായാൽ ബംഗ്ളാദേശിന്റെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ ഏകദേശം 10 ശതമാനം വരെ നിറവേറ്റാനാകുമെന്ന് അധികൃതർ അറിയിച്ചു. ആദ്യ യൂണിറ്റിലെ ഇന്ധന നിറയ്ക്കൽ അടുത്ത 45 ദിവസത്തിനുള്ളിൽ പൂർത്തിയാകും. തുടർന്ന് റിയാക്ടർ കുറഞ്ഞ നിയന്ത്രിത നിലയിലേക്ക് എത്തിച്ച് ക്രമേണ ഉൽപാദനം വർധിപ്പിക്കുകയും പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് നൽകുകയും ചെയ്യും.

രണ്ട് റിയാക്ടറുകളിലായി 2,400 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി, ആണവോർജ്ജം ഉപയോഗിക്കുന്ന 30-ലധികം രാജ്യങ്ങളുടെ പട്ടികയിൽ ബംഗ്ളാദേശിനെ ഉൾപ്പെടുത്തുമെന്ന് റോസാറ്റം അറിയിച്ചു. ഏകദേശം 13 ബില്യൺ ഡോളർ ചെലവുള്ള ഈ പദ്ധതിയിൽ 90 ശതമാനം ചെലവും റഷ്യൻ വായ്പയിലൂടെയാണ് നിറവേറ്റുന്നത്. ഇന്ധന വിതരണം, സാങ്കേതിക പരിപാലനം, ഉപയോഗിച്ച ഇന്ധനത്തിന്റെ മാനേജ്മെന്റ് എന്നിവയും റഷ്യൻ വിഭാഗം ഏറ്റെടുത്തിട്ടുണ്ട്.

ആദ്യ റിയാക്ടർ ഓഗസ്റ്റിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തുടക്കത്തിൽ ഏകദേശം 300 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലഭ്യമാകും. ഈ വർഷം ഡിസംബറിലോ 2027 തുടക്കത്തിലോ പൂർണ്ണ ശേഷിയിലുള്ള ഉൽപാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഊർജ്ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ പദ്ധതി ബംഗ്ളാദേശിന്‌ നിർണായക വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് വൈദ്യുതി, വ്യവസായ ആവശ്യങ്ങൾക്കായി ഇറക്കുമതിയെ ആശ്രയിക്കുന്ന അവസ്ഥയിലാണ്. സൗദി അറേബ്യ, യുഎഇ, ഖത്തർ, ഒമാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും എണ്ണയും വാതകവും ലഭിക്കുന്നത്. കൂടാതെ ഇന്ത്യയുമായി ഉള്ള ഗ്രിഡ് കണക്ഷനുകളും പൈപ്പ്‌ലൈൻ വഴിയുള്ള ഡീസൽ വിതരണവും രാജ്യത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ 15–17 ശതമാനം വരെ നിറവേറ്റുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

മറുപടി രേഖപ്പെടുത്തുക