കേന്ദ്രത്തെ തലോടുന്ന നയം, ഇത് മധുവിധുവിന്റെ ഭാഗമോ?; യു.ഡി.എഫ് സർക്കാരിനെതിരെ ബിനോയ് വിശ്വം

സംസ്ഥാനത്തെ പുതിയ യു.ഡി.എഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗവർണ്ണർ സഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനത്തിൽ കാതലായ നയങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാരിന് ഒട്ടും സങ്കടമോ ദേഷ്യമോ ഉണ്ടാകാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യുക എന്നതാണ് ഈ സർക്കാരിന്റെ യഥാർത്ഥ നയമെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രസംഗം. കേന്ദ്രത്തെ തൊട്ടും തലോടിയും മുന്നോട്ട് പോകാനുള്ള ഈ നീക്കം പുതിയ ഭരണകൂടത്തിന്റെ മധുവിധുവിന്റെ ഭാഗമാണോ എന്നും ബിനോയ് വിശ്വം പരിഹസിച്ചു.

പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നിരവധി വാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് വാരിക്കോരി നൽകുന്നത്. ഒരു ‘പുതുയുഗം’ സൃഷ്ടിക്കുകയാണ് തങ്ങളുടെ മുഖ്യ ലക്ഷ്യമെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ, സംസ്ഥാനത്തിനും ഇവിടുത്തെ ജനങ്ങൾക്കും ഗുണപ്രദമാകുന്ന നല്ല നടപടികളുമായി മുന്നോട്ട് പോയാൽ അതിനെ പിന്തുണയ്ക്കാൻ ഇടതുപക്ഷം തയ്യാറാകും. അതേസമയം, ജനദ്രോഹപരമായ നടപടികളിലേക്കാണ് സർക്കാർ കടക്കുന്നതെങ്കിൽ അതിനെ ശക്തമായി ചെറുത്തുതോൽപ്പിക്കാൻ ജനങ്ങളെ അണിനിരത്തി ഇടതുപക്ഷം മുന്നിലുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേപോലെ, നിയമസഭയിലെ എൽ.ഡി.എഫ് കക്ഷി ഉപനേതാവ് പദവി സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് ബിനോയ് വിശ്വം വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മുന്നണിയിൽ മുൻപും പലപ്പോഴായി ഉപനേതാവ് പദവി നിലവിലുണ്ടായിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്. പദവി പ്രഖ്യാപനത്തിനായി കൃത്യമായൊരു സമയം ഇപ്പോൾ നിശ്ചയിച്ചിട്ടില്ലെങ്കിലും വിഷയം ഉടൻ തന്നെ പരിഹരിക്കും.

മുന്നണിയിലെ ഇത്തരം പ്രശ്നങ്ങൾ രാഷ്ട്രീയമായി ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ആർജ്ജവവും പരസ്പര ധാരണയും സി.പി.ഐക്കും സി.പി.ഐ.എമ്മിനുമുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക