സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; 2,000 കോടി രൂപയുടെ ആദ്യ ഗഡു അനുവദിച്ച് തെലങ്കാനയിൽ രേവന്ത റെഡ്ഢി സർക്കാർ

തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി രംഗത്ത്. ജീവനക്കാരുടെ ദീർഘകാലമായുള്ള കുടിശ്ശിക തുകയുടെ ആദ്യ ഗഡു സർക്കാർ ഇന്ന് ഔദ്യോഗികമായി പുറത്തിറക്കി. ജീവനക്കാരുടെ ദീർഘകാല ആവശ്യമായ 6,000 കോടി രൂപയുടെ കുടിശ്ശിക വെറും 100 ദിവസത്തിനുള്ളിൽ കൊടുത്തുതീർക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഉപമുഖ്യമന്ത്രി മല്ലുഭട്ടി വിക്രമാർക്കയും ഉദ്യോഗ് ജെ.എ.സി നേതാക്കൾക്ക് വ്യക്തമായ ഉറപ്പ് നൽകിയിരുന്നു.

ഈ വാഗ്ദാനം പാലിച്ചുകൊണ്ട്, സംസ്ഥാന ധനമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്കയുടെ നിർദ്ദേശപ്രകാരം ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സന്ദീപ് കുമാർ സുൽത്താനിയ 2,000 കോടി രൂപ അനുവദിച്ച് ഇന്ന് ഉത്തരവിറക്കി.

ഈ ആദ്യ ഗഡു ഫണ്ട് വിനിയോഗിച്ചുകൊണ്ട് വിരമിച്ച ജീവനക്കാരുടെ (പെൻഷൻകാർ) പ്രധാനപ്പെട്ട കുടിശ്ശികകളെല്ലാം തന്നെ സർക്കാർ പൂർണ്ണമായും അടച്ചുതീർത്തു. ജി.പി.എഫ് കുടിശ്ശിക: വിരമിച്ച ജീവനക്കാരുടെ ജനറൽ പ്രൊവിഡന്റ് ഫണ്ട്കു ടിശ്ശിക തുക മുഴുവനായി വിതരണം ചെയ്തു.

കമ്മ്യൂട്ടേഷൻ കുടിശ്ശിക: പെൻഷൻകാർക്ക് 2025 മെയ് മാസം വരെ ലഭിക്കാനുണ്ടായിരുന്ന കമ്മ്യൂട്ടേഷൻ കുടിശ്ശികകളും ഇതോടൊപ്പം പൂർണ്ണമായി നൽകിയിട്ടുണ്ട്. കൃത്യമായ മുൻകൂർ ആസൂത്രണത്തിലൂടെയും ശക്തമായ ധനകാര്യ മാനേജ്‌മെന്റിലൂടെയുമാണ് ഇത്രയും വേഗത്തിൽ തുക അനുവദിക്കാൻ സാധിച്ചതെന്ന് തെലങ്കാന സർക്കാർ വ്യക്തമാക്കി.

ജീവനക്കാർക്ക് നൽകിയ വാഗ്ദാനം പോലെ തന്നെ, ബാക്കിയുള്ള 4,000 കോടി രൂപയുടെ കുടിശ്ശികയും നിശ്ചിത സമയത്തിനുള്ളിൽ ജീവനക്കാരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും ഭരണകൂടം അറിയിച്ചു.

തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ കാണിച്ച അതീവ ശ്രദ്ധയിലും അതിവേഗത്തിലുള്ള തീരുമാനങ്ങളിലും ജീവനക്കാരുടെ വിവിധ യൂണിയൻ നേതാക്കളും റിട്ടയേർഡ് ഉദ്യോഗസ്ഥരുടെ സംഘടനകളും വലിയ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക