മന്ത്രിയാണെന്ന് അറിയില്ല; ചില്ലറ നൽകാത്തതിനാൽ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ വേഷംമാറി പരിശോധനയ്‌ക്കെത്തിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ട ഡ്രൈവർ-കം-കണ്ടക്ടർ ടി.ജി. രാമകൃഷ്ണയെ സസ്പെൻഡ് ചെയ്തു. യാത്രക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായി നടത്തിയ രഹസ്യ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.

മാസ്ക് ധരിച്ചെത്തിയ മന്ത്രിയെ തിരിച്ചറിയാതെയാണ് കണ്ടക്ടർ പെരുമാറിയത്. ടിക്കറ്റെടുക്കുന്നതിനായി മന്ത്രി 100 രൂപയുടെ നോട്ട് നൽകിയപ്പോൾ ചില്ലറ ആവശ്യപ്പെട്ട കണ്ടക്ടർ, അത് കൈവശമില്ലെന്ന് മന്ത്രി അറിയിച്ചതോടെ തന്റെയും പക്കൽ ചില്ലറയില്ലെന്നും ബസിൽ നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. ഇതോടെ മന്ത്രി യാതൊരു തർക്കത്തിനും മുതിരാതെ ബസിൽ നിന്ന് ഇറങ്ങുകയായിരുന്നു.

മന്ത്രിയാണെന്ന് അറിയാതെയാണ് അങ്ങനെ പെരുമാറിയതെന്ന് കണ്ടക്ടർ പിന്നീട് വിശദീകരിച്ചെങ്കിലും, സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെ അധികൃതർ സസ്പെൻഷൻ നടപടി സ്വീകരിച്ചു.

ബിഎംടിസി സേവനങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി രാത്രി 7.10 മുതൽ 9.10 വരെ വിവിധ റൂട്ടുകളിലായി പത്തിലധികം ബസുകളിൽ മന്ത്രി യാത്ര നടത്തിയിരുന്നു. ജയമഹലിൽ നിന്ന് ആരംഭിച്ച പരിശോധന ആർ.ടി. നഗർ, ഹെബ്ബാൾ, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ തുടങ്ങിയ പ്രദേശങ്ങളിലൂടെ ഗെഡലഹള്ളിയിൽ അവസാനിച്ചു. തുടർന്ന് ഓട്ടോറിക്ഷയിലും മന്ത്രി യാത്ര ചെയ്ത് പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം നേരിട്ട് വിലയിരുത്തി.

പരിശോധനയ്ക്കിടെ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും സ്റ്റോപ്പിൽ വാഹനം നിർത്താതിരുന്ന ഒരു ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയും മന്ത്രി നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക