മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവി തമിഴ്‌നാട്ടിൽ കോൺഗ്രസ് മന്ത്രി; പോക്സോ കേസ് ആവശ്യപ്പെട്ട് പരാതി

തമിഴ്നാട്ടിലെ മേലൂരിൽ സംഘടിപ്പിച്ച മാരത്തൺ മത്സരത്തിന് പിന്നാലെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥനെതിരെ വിവാദം ശക്തമാകുന്നു. മത്സരത്തിൽ പങ്കെടുത്ത പെൺകുട്ടികൾ വിശ്രമിക്കുന്നതിനിടെ മന്ത്രി അവരുടെ കാലുകൾ തടവിയെന്ന ആരോപണമാണ് രാഷ്ട്രീയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുന്നത്.

സംഭവത്തിൽ മന്ത്രിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ശരണ്യ നടരാജൻ സംസ്ഥാന ഡിജിപിക്ക് ഔദ്യോഗിക പരാതി നൽകി. സംഭവത്തെ തുടർന്ന് പ്രതിപക്ഷ പാർട്ടികളും സാമൂഹിക പ്രവർത്തകരും മന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

‘ഗുഡ് ടച്ച്, ബാഡ് ടച്ച്’ എന്ന വിഷയത്തിൽ ഇനി മന്ത്രിമാർക്കും ബോധവത്കരണം നൽകേണ്ട സാഹചര്യമാണുള്ളതെന്ന് മുൻ മന്ത്രിയും രാഷ്ട്രീയ നേതാവുമായ എസ്.എസ്. ശിവശങ്കർ പരിഹസിച്ചു. അതേസമയം, മന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.

എന്നാൽ, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് മന്ത്രി പി. വിശ്വനാഥൻ പ്രതികരിച്ചു. കടുത്ത ചൂടിനെ തുടർന്ന് മാരത്തണിനിടെ ചില കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ പ്രഥമ ശുശ്രൂഷ നൽകാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തെ വളച്ചൊടിച്ച് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മന്ത്രി ആരോപിച്ചു.

കള്ളപ്രചാരണം തുടരുകയാണെങ്കിൽ നിയമനടപടികൾ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടെ, കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ‘തുലിർ’ സംഘടനയുടെ സ്ഥാപക വിദ്യാ റെഡ്ഡി സംഭവത്തിൽ പ്രതികരിച്ചു. അധികാര സ്ഥാനങ്ങളിലുള്ളവർ കൂടുതൽ ഉത്തരവാദിത്തത്തോടെയും സൂക്ഷ്മതയോടെയും പെരുമാറേണ്ടതുണ്ടെന്നും, പൊതുസ്ഥലത്ത് ക്യാമറകൾക്ക് മുന്നിൽ നടന്ന സംഭവത്തെ സർക്കാർ ഔദ്യോഗികമായി വിലയിരുത്തുകയും ആവശ്യമായ നിലപാട് വ്യക്തമാക്കുകയും ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക