മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് നിർദേശം നൽകി . വിഷയത്തിൽ പൊലീസിന് ജാഗ്രതക്കുറവ് ഉണ്ടായെന്നാരോപണവും ഉയർന്നിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നും ഇത് തികച്ചും യാദൃശ്ചികമായതാണെന്നും മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. സംസ്ഥാനത്ത് നിരവധി പ്രധാനപ്പെട്ട കേസുകൾ അന്വേഷണം കാത്തിരിക്കുമ്പോൾഈ വിഷയത്തിൽ അന്വേഷണം വേണമെന്ന നിലപാട് അനാവശ്യമായാണ് തനിക്ക് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു.
“പരാതി ലഭിച്ചാൽ പൊലീസ് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇതിൽ പ്രത്യേകിച്ച് അന്വേഷിക്കേണ്ടതായ ഒന്നുമില്ലെന്ന് തനിക്ക് തോന്നുന്നു,” എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സ്ത്രീകൾക്കുള്ള കെ എസ് ആർ ടി സി പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം നടന്നത്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പായസ വിതരണം നടന്നിരുന്നു. ബസിനുള്ളിൽ പായസം വിതരണം ചെയ്യുന്നതിനിടെ ഉണ്ടായ തിരക്കിനിടെ പാത്രം കൈതട്ടി പായസം മന്ത്രിയുടെ തലയിൽ വീഴുകയായിരുന്നു.
ഉടൻതന്നെ മന്ത്രി സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നതും, ഒപ്പമുണ്ടായിരുന്നവർ ഷാൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഉപയോഗിച്ച് പായസം തുടച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
