രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാൻ നിർബന്ധിത സാഹചര്യം; എണ്ണ കമ്പനികളുടെ നഷ്ടം ആശങ്ക ഉണ്ടാക്കുന്നു: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

രാജ്യത്ത് ഇന്ധന വില വര്‍ധന ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്ന സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. എണ്ണ വിപണന കമ്പനികള്‍ നേരിടുന്ന വലിയ നഷ്ടമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, രണ്ടുദിവസത്തിനകം പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ വില തുടരാനാണ് കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹമെങ്കിലും സാമ്പത്തിക സമ്മര്‍ദ്ദം കാരണം വിലവര്‍ധന അനിവാര്യമാകുകയാണെന്ന വിലയിരുത്തലിലാണ് കേന്ദ്രം.

എണ്ണ വിപണന കമ്പനികള്‍ക്ക് പ്രതിദിനം ഏകദേശം 1,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്ന് ഹര്‍ദീപ് സിങ് പുരി അറിയിച്ചു. എന്നാല്‍, രാജ്യത്ത് ഇന്ധന ക്ഷാമമില്ലാത്തതിനാല്‍ വില്‍പന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇപ്പോള്‍ പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. വിതരണം തടസപ്പെടില്ലെന്ന് എണ്ണക്കമ്പനികളും ഉറപ്പുനല്‍കിയിട്ടുണ്ട്.

ഇതിനൊപ്പം ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 50 രൂപയുടെ വര്‍ധനയും ഉടന്‍ പ്രഖ്യാപിക്കാനിടയുണ്ടെന്നാണ് സൂചനയുണ്ട് . രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം നിയന്ത്രിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ്, ധനകാര്യ മന്ത്രാലയം, റിസര്‍വ് ബാങ്ക് എന്നിവ തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മറുപടി രേഖപ്പെടുത്തുക