ആൻഡമാൻ കടലിൽ വീണ്ടും വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; രാജ്യത്തിന് നിർണായക നേട്ടം

രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് വൻ കരുത്തേകി ആൻഡമാൻ കടലിൽ വീണ്ടും പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് (OIL) ആണ് ആൻഡമാൻ തടത്തിൽ തങ്ങളുടെ രണ്ടാമത്തെ പ്രധാന കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഇതോടെ വരും വർഷങ്ങളിൽ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഹൈഡ്രോകാർബൺ ഉൽപാദന കേന്ദ്രമായി ആൻഡമാൻ മാറുമെന്ന പ്രതീക്ഷകൾ ശക്തമായി.

കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് വെള്ളിയാഴ്ച ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്തുനിന്ന് 15 കിലോമീറ്റർ അകലെ, 355 മീറ്റർ കടലാഴത്തിലുള്ള ‘വിജയപുരം-3’ എന്ന പര്യവേക്ഷണ കിണറിലാണ് പുതിയ വാതകശേഖരം കണ്ടെത്തിയത്. 1,900 മീറ്ററിലധികം ആഴത്തിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ പ്രകൃതിവാതകത്തിന്റെ സാന്നിധ്യം പൂർണ്ണമായി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ, 2025 സെപ്റ്റംബറിൽ ‘വിജയപുരം-2’ കിണറിലും കമ്പനി വാതക നിക്ഷേപം കണ്ടെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘സമുദ്ര മന്തൻ മിഷന്റെ’ ഭാഗമായാണ് ഈ നേട്ടമെന്ന് മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ആഭ്യന്തര ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണത്തോടെ കൂടുതൽ ആഴക്കടൽ കിണറുകൾ കുഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തുടർച്ചയായ രണ്ട് വിജയങ്ങളുടെ പശ്ചാത്തലത്തിൽ, ഈ മേഖലയിൽ കൂടുതൽ 3D ഭൂകമ്പ ഡാറ്റ ശേഖരിച്ച് വിപുലമായ പഠനങ്ങൾ നടത്തിവരികയാണെന്നും ഭാവി ഡ്രില്ലിംഗ് പ്രവർത്തനങ്ങൾ ഇതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും ഓയിൽ ഇന്ത്യ അറിയിച്ചു. സുരക്ഷിതമായ ഊർജ്ജ ഭാവിക്കായി രാജ്യത്തിന്റെ ഹൈഡ്രോകാർബൺ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക