മന്ത്രി വീണാ ജോർജിനെതിരെ ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നുവെന്ന് ഞാൻ പറഞ്ഞിട്ടില്ല: സ്പീക്കർ എ.എൻ ഷംസീർ

കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളിൽ വിശദീകരണവുമായി സ്പീക്കർ എ.എൻ. ഷംസീർ രംഗത്തെത്തി. ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നുവെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, പ്രസ്താവനയിൽ തെറ്റിദ്ധാരണ ഉണ്ടായതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മന്ത്രിയെ കണ്ടപ്പോൾ അവർ ഏറെ അവശമായ നിലയിലായിരുന്നുവെന്നും അതാണ് താൻ സൂചിപ്പിച്ചതെന്നും ഷംസീർ പറഞ്ഞു. സഭാംഗവും വനിതാ മന്ത്രിയുമായ വ്യക്തി പ്ലാറ്റ്‌ഫോമിൽ അവശയായി ഇരിക്കുമ്പോൾ അവരെ അവഗണിച്ച് പോകാൻ കഴിയില്ലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണം ചെയ്യുക തന്റെ ഉത്തരവാദിത്വമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ മന്ത്രിക്കെതിരായ സമരത്തിൽ കെഎസ്യു വനിതാ പ്രവർത്തകരെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും “അവർക്ക് പെൺകുട്ടികളില്ലേ?” എന്നും ഷംസീർ ചോദിച്ചു.

ജനാധിപത്യത്തിൽ സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ടെങ്കിലും അതിന്റെ ഭാഗമായുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ കഴിയുന്നത് വലിയ അപരാധമായി കാണുന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നുവെന്നും, മുൻപ് തങ്ങൾക്കെതിരെയും വധശ്രമക്കേസുകൾ ചുമത്തിയിട്ടുണ്ടെന്നും ഷംസീർ ഓർമ്മിപ്പിച്ചു.

റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റതായും വധശ്രമം നടന്നതായും ആരോപണം ഉയർന്നതിനെ തുടർന്നാണ് സ്പീക്കറുടെ പ്രസ്താവനയും ഇടപെടലും വിവാദമായത്.

മറുപടി രേഖപ്പെടുത്തുക