ലെബനനിനെതിരായ ഇസ്രായേൽ ആക്രമണങ്ങൾക്കുള്ള മറുപടി; ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ

മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. ലെബനനിനെതിരായ ഇസ്രായേൽ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഈ നീക്കമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ ആഗോള ഊർജ്ജ വിപണികളിൽ ആശങ്ക ശക്തമായിരിക്കുകയാണ്.

അടുത്തിടെ നിലവിൽ വന്ന വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചുവെന്നാണ് ഇറാന്റെ ആരോപണം. ലെബനനിലെ വിവിധ മേഖലകളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ശനിയാഴ്ച പുലർച്ചെ മുതൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 16 മുതൽ 32 വരെയാണെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം തിരിച്ചുപിടിച്ചതായി ഇറാന്റെ സൈനിക നേതൃത്വം പ്രഖ്യാപിച്ചത്. ലോകത്തെ മൊത്തം എണ്ണവിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും വൻതോതിലുള്ള പ്രകൃതിവാതക കയറ്റുമതിയും ഈ കടലിടുക്കിലൂടെയാണ് നടക്കുന്നത്. അതിനാൽ തന്നെ ഇറാന്റെ തീരുമാനം ആഗോള വ്യാപാരത്തെയും ഊർജ്ജ സുരക്ഷയെയും നേരിട്ട് ബാധിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

ഇറാനെതിരായ ചില ഉപരോധങ്ങൾ ലഘൂകരിക്കുന്നതിനും ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി നയതന്ത്ര നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. സ്വിറ്റ്സർലൻഡിൽ ആണവ ചർച്ചകൾ നടക്കാനിരിക്കെ ഉണ്ടായ ഈ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ഇറാന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക പ്രതികരിച്ചു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അന്താരാഷ്ട്ര വ്യാപാരത്തിന് നിർണായകമാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം, സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ നയതന്ത്ര ചർച്ചകൾ തുടരുമെന്നും അമേരിക്ക അറിയിച്ചു.

ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള പുതിയ പ്രതിസന്ധി ആഗോള എണ്ണവിലകളിലും അന്താരാഷ്ട്ര രാഷ്ട്രീയത്തിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമോയെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങൾ.

മറുപടി രേഖപ്പെടുത്തുക