സഹോദരി മരിച്ചെന്ന് തെളിയിക്കാൻ അസ്ഥികൂടവുമായി ബാങ്കിലെത്തി; ഒഡീഷയിൽ ഞെട്ടിക്കുന്ന സംഭവം

ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവം പുറത്തുവന്നു. സഹോദരി മരിച്ചുവെന്നത് തെളിയിക്കാൻ അസ്ഥികൂടവുമായി ബാങ്കിലെത്തിയതാണ് 50കാരനായ ജീതു മുണ്ട. സഹോദരിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 19,300 രൂപ പിന്‍വലിക്കാനായിരുന്നു ഇയാളുടെ ശ്രമം.

പട്ടന ബ്ലോക്കിലെ മലിപോസി ശാഖയിലുള്ള ഒഡീഷ ഗ്രാമീൺ ബാങ്കിലാണ് സംഭവം. ജനുവരി 26ന് മരിച്ച സഹോദരി കൽറ മുണ്ടയുടെ അക്കൗണ്ടിൽ നിന്നുള്ള പണം പിന്‍വലിക്കാൻ ജീതു പല തവണ ബാങ്കിനെ സമീപിച്ചെങ്കിലും, അധികൃതർ അത് അംഗീകരിച്ചില്ല. അക്കൗണ്ട് ഉടമയെ നേരിട്ട് ഹാജരാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇതോടെയാണ് ജീതു മുണ്ട സഹോദരിയുടെ കുഴിമാടം തുറന്ന് അസ്ഥികൂടവുമായി ബാങ്കിലെത്തിയത്. ബാങ്ക് ഉദ്യോഗസ്ഥരുടെ മുന്നിൽ അസ്ഥികൂടം വച്ച് സഹോദരി മരിച്ചുവെന്ന് തെളിയിക്കാൻ ശ്രമിച്ചതാണ് സംഭവം കൂടുതൽ ഞെട്ടലുണ്ടാക്കിയത്.

സംഭവത്തെ കുറിച്ച് പട്ടന പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ പ്രസാദ് സാഹു പ്രതികരിച്ചു. നിയമ നടപടികളെ കുറിച്ച് അറിവില്ലാത്തതിനാലാണ് ജീതു ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും, നിരക്ഷരനായ ഗോത്രവിഭാഗക്കാരനായ അദ്ദേഹത്തിന് കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കാൻ ബാങ്ക് അധികൃതർക്കും കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ പലതവണ ബാങ്കിൽ പോയിട്ടും അക്കൗണ്ട് ഉടമയെ കൊണ്ടുവരണമെന്നാണ് ആവർത്തിച്ച് ആവശ്യപ്പെട്ടതെന്നും, സഹോദരി മരിച്ചുവെന്ന് പറഞ്ഞിട്ടും അത് അംഗീകരിക്കാത്തതിനാലാണ് ദേഷ്യത്തിൽ അസ്ഥികൂടം കൊണ്ടുവന്നതെന്നും ജീതു മാധ്യമങ്ങളോട് പറഞ്ഞു.

ഈ സംഭവത്തെ തുടർന്ന് ബാങ്ക് അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. സഹോദരിയുടെ ദേഹാവശിഷ്ടങ്ങളുമായി ഏകദേശം മൂന്ന് കിലോമീറ്റർ നടന്നാണ് ജീതു ബാങ്കിലെത്തിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് വലിയ ചർച്ചയ്ക്കും വഴിവെച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക