വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൊടുപുഴയിൽ നടന്ന ആഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി. ഇടുക്കി ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ അച്ചടക്കത്തിനും സംഘടനാ അന്തസ്സിനും വിരുദ്ധമായ രീതിയിലുള്ള മുദ്രാവാക്യങ്ങളും പ്രകടനങ്ങളും നടത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സംഭവത്തിൽ പങ്കെടുത്ത പ്രവർത്തകരുടെ പെരുമാറ്റം പാർട്ടി നിലപാടിന് വിരുദ്ധമാണെന്നും നേതൃത്വം വ്യക്തമാക്കി. തൊടുപുഴയിൽ ഇന്ന് നടന്ന പ്രകടനത്തിനിടെ ചില പ്രവർത്തകർ സാമൂഹിക നേതാക്കളായ വെള്ളാപ്പള്ളി നടേശൻ, സുകുമാരൻ നായർ എന്നിവർക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു. “കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയും” തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രകടനത്തിൽ മുഴങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു.
സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറിയതിന് പിന്നാലെയാണ് പാർട്ടി കടുത്ത നടപടിയിലേക്ക് കടന്നത്. സംഘടനാ ശിക്ഷാനടപടി പാർട്ടിയുടെ അച്ചടക്കനയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണെന്ന് നേതാക്കൾ വ്യക്തമാക്കി.
