റിപ്പോർട്ടർ ടിവിയിലെ ‘മീറ്റ് ദി എഡിറ്റേഴ്സ്’ പരിപാടിയിൽ സ്മൃതി പരുത്തിക്കാട് വയനാട് ദുരന്തബാധിതരെ കുറിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് ഇടതു സൈബർ ഇടങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ് . തെരഞ്ഞെടുപ്പ് സമയത്ത് ദുരന്തബാധിതരെ ‘കൊണ്ടുവന്ന് നാടകം കളിച്ചു’ എന്നായിരുന്നു സ്മൃതിയുടെ പരാമർശം. ഇതാണ് ഇടത് അനുകൂലികളെ പ്രകോപിപ്പിച്ചത്.
പ്രതിഷേധം പിന്നീട് സ്മൃതിയുടെ പിതാവും ദേശാഭിമാനി വാരികയുടെ മുൻ പത്രാധിപരുമായ സിദ്ധാർഥൻ പരുത്തിക്കാടിനെതിരെയും വ്യാപിച്ചു. വി.എസ്.-പിണറായി വിഭാഗീയതയുടെ കാലത്ത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതായും സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് ദേശാഭിമാനിയിൽ നിന്ന് പുറത്താക്കിയതായും അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.
എന്നാൽ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ ആരോപണങ്ങളെ സിദ്ധാർഥൻ പരുത്തിക്കാട് തള്ളി. പിണറായി വിജയന്റെ പ്രവർത്തനരീതികളോട് എതിർപ്പ് ഉണ്ടായിരുന്നുവെങ്കിലും താൻ ഒരു വിഭാഗത്തോടും ചേർന്നിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രൊഫ. എം.എൻ. വിജയനോട് പാർട്ടി കാണിച്ച സമീപനം വഞ്ചനാപരമാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ക്രമക്കേട് ആരോപണവും അടിസ്ഥാനരഹിതമാണെന്ന് സിദ്ധാർഥൻ പറഞ്ഞു. ദേശാഭിമാനിയിൽ നിന്ന് പുറത്താക്കപ്പെട്ടതല്ല, ഔദ്യോഗികമായി വിരമിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു. 2005ലെ മലപ്പുറം സമ്മേളനത്തിന് ശേഷം പാർട്ടിയിൽ നിന്ന് അകന്നുവെന്നും തുടർന്ന് അംഗത്വം പുതുക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സൈബർ ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ച സിദ്ധാർഥൻ, ഇത്തരം വിമർശനങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് വ്യക്തമാക്കി. ചിലർ സാമൂഹിക മാധ്യമങ്ങളിൽ അപമാനകരമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും അതിൽ വിഷമമില്ലെന്നും, ഇതൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്ന് മകളും പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
