“ഓപ്പറേഷൻ തൂഫാൻ” മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ ഐ.ജി. പുട്ട വിമല ദീപ്ത; ഇതുവരെ 795 പേർ അറസ്റ്റിൽ

സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലകളുടെ വേരറുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിനായി സ്‌പെഷ്യൽ ഓഫീസറായി ഐ.ജി പുട്ട വിമല ദീപ്തയെ ചുമതലപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

ലഹരി മാഫിയക്കെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ നടപടികളാണ് സ്വീകരിച്ചുപോരുന്നത്. വിവിധ ലഹരി വിൽപ്പന ശൃംഖലകൾ ഇപ്പോൾ പോലീസിന്റെ കടുത്ത നിരീക്ഷണത്തിലാണെന്നും സ്‌കൂൾ പരിസരങ്ങളിലെ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും ലംഘിക്കുന്നവരെ കർശന നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ജൂൺ രണ്ട് മുതൽ ഇതുവരെയുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വലിയ നേട്ടമാണ് പോലീസ് കൈവരിച്ചിരിക്കുന്നത്. പദ്ധതി ആരംഭിച്ച് ദിവസങ്ങൾക്കകം 728 കേസുകളിലായി 795 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 60 ലക്ഷം രൂപ വിലമതിക്കുന്ന 625 ഗ്രാം എം.ഡി.എം.എയും (MDMA), 48.49 കിലോഗ്രാം കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഇതുവരെ പിടിച്ചെടുത്തു.

അന്താരാഷ്ട്ര ലഹരി മാഫിയയിലെ രണ്ട് പ്രധാന കണ്ണികളെ ഈ ഓപ്പറേഷനിലൂടെ വലയിലാക്കാൻ സാധിച്ചു. പന്തളം പോലീസ് ഡൽഹിയിൽ നിന്ന് ഒരു നൈജീരിയൻ പൗരനെയും, പെരിനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബംഗളൂരുവിൽ നിന്ന് ഒരു വിദേശ വനിതയെയും പിടികൂടി. ഇത് ഓപ്പറേഷന്റെ വലിയൊരു വിജയമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര ലഹരി സംഘങ്ങൾ പ്രധാനമായും പ്രവർത്തിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ സംസ്ഥാനത്തെ 84 പോലീസ് ഡിവിഷനുകളിലായി 16 അംഗങ്ങൾ വീതമുള്ള 4 പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. ഇവർ പകലും രാത്രിയിലുമായി ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്താൻ നിരന്തര പരിശോധന നടത്തും. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ഈ ഓപ്പറേഷന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

നാട്ടിൽ ലഹരി വിൽപ്പനയോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പോലീസിനെ വിവരമറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരോ മറ്റ് വിശദാംശങ്ങളോ തികച്ചും രഹസ്യമായി സൂക്ഷിക്കും . ഇതിനായി ഈ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: ഫോൺ നമ്പറുകൾ: 949797 9794, 9497927797 വാട്‌സ്ആപ്പ് നമ്പർ: 9995966666

മറുപടി രേഖപ്പെടുത്തുക