ആഗോളതലത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ കുറയുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ വ്യത്യസ്ത ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ഗ്ലോബൽ ടെററിസം ഇന്ഡക്സ് 2026 വ്യക്തമാക്കുന്നു. തീവ്രവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ ഒന്നാം സ്ഥാനത്തെത്തി. രാജ്യത്തെ ആഭ്യന്തര വെല്ലുവിളികളും ദീർഘകാല നയപരമായ വീഴ്ചകളും ഈ നിലയ്ക്ക് കാരണമായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഗ്രീക്ക് സിറ്റി ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 2025ൽ മാത്രം പാകിസ്ഥാനിൽ 1,045 ഭീകരാക്രമണങ്ങൾ നടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 1,139 പേർ കൊല്ലപ്പെടുകയും 1,595 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ 655 പേരെ തീവ്രവാദികൾ ബന്ദികളാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. 8.574 സ്കോറുമായി പാകിസ്ഥാൻ പട്ടികയിൽ മുന്നിലാണ്. 2013ന് ശേഷമുള്ള ഏറ്റവും അക്രമാസക്തമായ വർഷമാണ് 2025 എന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
ഭീകരാക്രമണങ്ങൾ പ്രധാനമായും ചില പ്രദേശങ്ങളിൽ കേന്ദ്രീകൃതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. 2025ൽ നടന്ന ആക്രമണങ്ങളിൽ 74 ശതമാനവും മരണങ്ങളിൽ 67 ശതമാനവുംഖൈബർ പഷ്‌തൂൺ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിലാണുണ്ടായത്. തുടർച്ചയായ അസ്ഥിരതയും ദുർബലമായ ഭരണനിയന്ത്രണവും ഈ പ്രദേശങ്ങളെ തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളാക്കി മാറ്റിയതായി റിപ്പോർട്ട് പറയുന്നു. അഫ്ഗാൻ -പാകിസ്ഥാൻ അതിർത്തി പ്രദേശത്തെ ദീർഘകാല നയപരമായ അവഗണനയും ഇതിന് കാരണമായതായി വിലയിരുത്തുന്നു.
പാകിസ്ഥാനിലെ ഗോത്രമേഖലകൾ അൽ ഖായിദ , ഹഖാനി നെറ്റവർക്ക് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ സുരക്ഷിത താവളങ്ങളായി മാറിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുൻകാല നയപരമായ തീരുമാനങ്ങളുടെയും ഘടനാപരമായ പിഴവുകളുടെയും സമാഹാരഫലമാണ് പാകിസ്ഥാൻ നേരിടുന്ന നിലവിലെ സുരക്ഷാ പ്രതിസന്ധിയെന്നാണ് സൂചികയുടെ നിഗമനം.
ചില മേഖലകളിൽ ആക്രമണങ്ങൾ കേന്ദ്രീകരിക്കുകയും പ്രത്യേക ഗ്രൂപ്പുകളുടെ സ്വാധീനം വർദ്ധിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിൽ ഗുരുതരമായ സമ്മർദ്ദം സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാൻ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത് ദീർഘകാല പ്രവണതകളുടെ ഫലമാണെന്നും, ഇതിലേക്ക് നയിച്ച ഘടകങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
