കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നടത്തിയ പ്രസ്താവനയെ പൂർണ്ണമായി സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുൻപുണ്ടായിരുന്ന ഇടതുസർക്കാരിൽ നിന്നും ഒരിക്കലും കേൾക്കാൻ സാധിക്കാത്ത തരത്തിലുള്ള അനുകൂലമായ വാക്കുകളാണ് ഇപ്പോൾ ആരോഗ്യവകുപ്പ് മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗൈഡ്‌ലൈൻസ് അനുസരിച്ച് എയിംസ് സ്ഥാപിക്കാൻ അനുയോജ്യമായ അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രസർക്കാരിനെ ഔദ്യോഗികമായി അറിയിക്കുക എന്നതാണ് ഇനി സംസ്ഥാനം ചെയ്യേണ്ട അടുത്ത നടപടിയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കേരളത്തിൽ പുതിയതായി അധികാരമേറ്റ സർക്കാരിന് ഈ വിഷയത്തിൽ വലിയൊരു മനോഭാവ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. “ഞാൻ രാജ്യസഭയിൽ എത്തിയതു മുതൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനോടും ആരോഗ്യവകുപ്പ് മന്ത്രിമാരോടും നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണിത്. സംസ്ഥാനത്തിന്റെ സന്നദ്ധത അറിയിക്കുമ്പോൾ എപ്പോഴും അഞ്ച് സാധ്യതയുള്ള സ്ഥലങ്ങളുടെ വിവരങ്ങൾ കൈമാറണം. എയിംസ് അനുവദിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട് . അത് കൃത്യമായി പാലിച്ച സംസ്ഥാനങ്ങൾക്കെല്ലാം പുതിയ സ്കീമിൽ എയിംസ് അനുവദിച്ചിട്ടുമുണ്ട്.
ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി യുക്തിപൂർവ്വം ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഇത്തരമൊരു അറിയിപ്പ് നടത്തിയതിൽ വലിയ സന്തോഷമുണ്ട്. ഇതൊരു പോസിറ്റീവ് ചുവടുവെപ്പാണ്. ഇതനുസരിച്ച് കേരളത്തിന് എയിംസ് നേടിയെടുക്കാൻ ഞാനും ഇനി കേന്ദ്രത്തിൽ യുദ്ധം ചെയ്യും.”- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ എയിംസ് സ്ഥാപിക്കാൻ കോഴിക്കോട് മാത്രമാണ് സ്ഥലമുള്ളത് എന്ന രീതിയിൽ കടുംപിടുത്തം പിടിച്ചതുകൊണ്ടാണ് മുൻപ് കേരളത്തിന് എയിംസ് നിഷേധിക്കപ്പെട്ടതെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. എന്നാൽ കേരളത്തിൽ എവിടെ വേണമെങ്കിലും എയിംസിന് സ്ഥലം അനുവദിക്കാൻ തയ്യാറാണെന്നാണ് പുതിയ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയത്.
