സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ രോഗികൾ നിലത്ത് കിടക്കേണ്ടി വരുന്ന സാഹചര്യം പൂർണ്ണമായി അവസാനിക്കണമെന്നും ആരോഗ്യവകുപ്പ് ഒരിക്കലും ‘അനാരോഗ്യവകുപ്പ്’ ആയി മാറരുതെന്നും മന്ത്രി കർശന നിർദ്ദേശം നൽകി.
മുൻപ് വക്കം പുരുഷോത്തമൻ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പല നല്ല മാറ്റങ്ങളും വന്നിരുന്നുവെന്നും എന്നാൽ പിന്നീട് അത് പഴയപടിയായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ ആരോഗ്യരംഗത്തെ അപാകതകളെയും ഉദ്യോഗസ്ഥരുടെ മനോഭാവത്തെയും മന്ത്രി ശക്തമായ ഭാഷയിൽ വിമർശിച്ചു. സിസ്റ്റത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അത് തിരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയുടെ ചടങ്ങിൽ പങ്കെടുത്തപ്പോൾ അത് ആശുപത്രിയാണോ അതോ ഫൈവ് സ്റ്റാർ ഹോട്ടലാണോ എന്ന് തോന്നിപ്പോയ അനുഭവം മന്ത്രി പങ്കുവെച്ചു. എന്നാൽ മറുഭാഗത്ത്, ഒരു സർക്കാർ ആശുപത്രിയുടെ രണ്ട് കിലോമീറ്റർ അപ്പുറം എത്തുമ്പോൾ തന്നെ ദുർഗന്ധം കാരണം ആശുപത്രി എത്തി എന്ന് തിരിച്ചറിയേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
: സിസ്റ്റത്തെ മൊത്തമായി കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നും ആരോഗ്യമേഖലയിൽ സിസ്റ്റത്തിനൊപ്പം നിന്ന് ആത്മാർത്ഥമായി ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരെയും സർക്കാർ പൂർണ്ണമായി സംരക്ഷിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
