ഇറാനെതിരായ യുദ്ധത്തിൽ പിന്തുണച്ചില്ല; സ്പെയിനിനെ നാറ്റോയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ അമേരിക്കൻ നീക്കം

ഇറാനെതിരായ യുദ്ധത്തെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ട നാറ്റോ അംഗരാജ്യങ്ങൾക്കെതിരെ യുഎസ് കടുത്ത നടപടികൾ പരിഗണിക്കുന്നതായി റിപ്പോർട്ട്. റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, അമേരിക്കയുടെ ഒരു ആന്തരിക ഇമെയിലിലാണ് ഇതുസംബന്ധിച്ച സൂചനകൾ ഉണ്ടായിരിക്കുന്നത്. സ്പെയിനെ കൂട്ടായ്മയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള സാധ്യതയും പരിഗണനയിൽ ഉള്ളതായി റിപ്പോർട്ടുകൾ പറയുന്നു.

യുദ്ധത്തിന്റെ ഭാഗമായി യുഎസിന് അവരുടെ സൈനിക താവളങ്ങളിലേക്കും വ്യോമാതിർത്തിയിലേക്കും പ്രവേശനം നിഷേധിച്ച ചില യൂറോപ്യൻ നാറ്റോ അംഗങ്ങളോട് കടുത്ത അസംതൃപ്തി രേഖയിൽ പ്രകടിപ്പിക്കുന്നുവെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. “പ്രശ്നകരമായ” രാജ്യങ്ങളെ നാറ്റോയിലെ പ്രധാന സ്ഥാനങ്ങളിൽ നിന്ന് നീക്കുന്നതും സ്പെയിന്റെ അംഗത്വം താൽക്കാലികമായി നിർത്തുന്നതുമാണ് പരിഗണനയിലുള്ള നടപടികൾ.

അതേസമയം, ഇത്തരം നടപടികൾക്ക് നിയമപരമായ അടിസ്ഥാനമില്ലെന്ന് നാറ്റോ അധികൃതർ വ്യക്തമാക്കുന്നു. അംഗരാജ്യങ്ങളെ പുറത്താക്കാനുള്ള വ്യവസ്ഥകൾ നാറ്റോയിൽ നിലവിലില്ലെന്നും, ഒരു രാജ്യത്തിന് സ്വമേധയാ പുറത്തുപോകാൻ മാത്രം ആർട്ടിക്കിൾ 13 പ്രകാരം നടപടി സ്വീകരിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.

ഇറാനെതിരായ യുഎസ്-ഇസ്രായേൽ സൈനിക നീക്കങ്ങളുടെ ശക്തമായ വിമർശകരിലൊന്നാണ് സ്പെയിൻ. അമേരിക്കൻ സേനയ്ക്ക് അവരുടെ താവളങ്ങളോ വ്യോമാതിർത്തിയോ ഉപയോഗിക്കാൻ അനുമതി നൽകുന്നതിൽ സ്പെയിൻ നിരന്തരം വിസമ്മതിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഈ യുദ്ധത്തെ “നിയമവിരുദ്ധവും അന്യായവുമായ നീക്കം” എന്ന് വിശേഷിപ്പിച്ച് പലവട്ടം അപലപിക്കുകയും ചെയ്തിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക