ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങൾ സെൻസർ ചെയ്യാൻ അമേരിക്കയുടെ ഉത്തരവ്

മിഡിൽ ഈസ്റ്റുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയന്ത്രിക്കാൻ യുഎസ് സർക്കാർ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ഉപഗ്രഹ ഇമേജിംഗ് കമ്പനിയായ പ്ലാനറ്റ് ലാബ്‌സ് s പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

വൈറ്റ് ഹൗസിന്റെ അഭ്യർത്ഥനയെ തുടർന്ന് മാർച്ച് 9 മുതൽ എടുത്ത ചിത്രങ്ങൾ “അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്ന” നയം കമ്പനി നടപ്പിലാക്കിയതായി അറിയിച്ചു. യുഎസ്–ഇസ്രായേൽ–ഇറാൻ സംഘർഷം അവസാനിക്കുന്നതുവരെ ഈ നിയന്ത്രണം തുടർന്നേക്കാമെന്നാണ് സൂചന. നയമാറ്റത്തെക്കുറിച്ച് കഴിഞ്ഞ ആഴ്ച ഇമെയിൽ വഴി ഉപഭോക്താക്കളെ കമ്പനി അറിയിച്ചിരുന്നു.

ഇതിനുമുമ്പ്, സംഘർഷത്തിന്റെ തുടക്കത്തിൽ മിഡിൽ ഈസ്റ്റ് ചിത്രങ്ങൾ പുറത്തുവിടുന്നതിന് 96 മണിക്കൂർ കാലതാമസം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇത് 14 ദിവസമായി വർധിപ്പിക്കുകയും ചെയ്തു. പുതിയ സംവിധാനപ്രകാരം പൊതുതാൽപ്പര്യം പരിഗണിച്ച് തിരഞ്ഞെടുക്കപ്പെട്ട ചില ചിത്രങ്ങൾ മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് കമ്പനി വ്യക്തമാക്കി.

മാധ്യമപ്രവർത്തകരും ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് (OSINT) വിശകലന വിദഗ്ധരും സംഘർഷ മേഖലകളിലെ ആക്രമണങ്ങളും നാശനഷ്ടങ്ങളും വിലയിരുത്താൻ ഇത്തരം ഉപഗ്രഹ ചിത്രങ്ങൾ വ്യാപകമായി ഉപയോഗിച്ചുവരികയായിരുന്നു.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള പ്ലാനറ്റ് ലാബ്‌സ് മൈക്രോ-സാറ്റലൈറ്റുകളുടെ വലിയ ശൃംഖല ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ്. പ്രതിരോധ മേഖലയ്ക്ക് പുറത്തുള്ള നിരവധി യുഎസ് സർക്കാർ ഏജൻസികളുമായും കമ്പനിക്ക് കരാറുകളുണ്ട്.

മറുപടി രേഖപ്പെടുത്തുക