ഇറാനെതിരെയുള്ള നീക്കങ്ങൾക്കായി പാശ്ചാത്യ ചാര ഏജൻസികൾ സിറിയൻ തീവ്രവാദികളെ പ്രോക്സി സേനയായി ഉപയോഗിക്കാൻ പദ്ധതിയിടുന്നതായി റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ്മേ ധാവി അലക്സാണ്ടർ ബോർട്ട്നിക്കോവ്. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഉൾപ്പെടെയുള്ള ഭീകര സംഘടനകൾക്ക് വേണ്ടി പോരാടിയ ജിഹാദികളെ സിറിയയിലെ തടങ്കൽ കേന്ദ്രങ്ങളിൽ നിന്ന് ഇറാഖിലെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
റഷ്യയിലെ ഇർകുട്‌സ്ക് മേഖലയിൽ നടന്ന കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്‌സിന്റെ സുരക്ഷാ മേധാവികളുടെ യോഗത്തിലാണ് ബോർട്ട്‌നിക്കോവ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്.
“പാശ്ചാത്യ സഖ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസികളുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന സമാനമായ ഇറാഖി ജയിൽ സമുച്ചയങ്ങളിൽ നിന്നാണ് പണ്ട് ഇസ്ലാമിക് സ്റ്റേറ്റിന്റെ ചരിത്രം ആരംഭിച്ചത്,” ബോർട്ട്‌നിക്കോവ് ഓർമ്മിപ്പിച്ചു.
പാശ്ചാത്യ ചാര ഏജൻസികളുടെ ഈ നീക്കങ്ങൾ സിഐഎസ് അംഗരാജ്യങ്ങളുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയാണെന്ന് എഫ്എസ്ബി മേധാവി മുന്നറിയിപ്പ് നൽകി. മോചിപ്പിക്കപ്പെടുന്ന തീവ്രവാദികളിൽ സിഐഎസ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും ഉൾപ്പെടുന്നുണ്ട്. ഇവരെ മിഡിൽ ഈസ്റ്റിൽ മാത്രമല്ല, ഭാവിയിൽ അവരുടെ സ്വന്തം മാതൃരാജ്യങ്ങളിലെ അട്ടിമറി പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം അംഗരാജ്യങ്ങൾക്കിടയിൽ സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ സഹകരണം ലക്ഷ്യമിട്ടാണ് സിഐഎസ് രൂപീകരിച്ചത്. നിലവിൽ റഷ്യ, അർമേനിയ, അസർബൈജാൻ, ബെലാറസ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, മോൾഡോവ, ഉസ്ബെക്കിസ്ഥാൻ എന്നീ ഒമ്പത് രാജ്യങ്ങളാണ് ഇതിൽ അംഗങ്ങളായുള്ളത്.
ഇറാനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ മേഖലയെ കൂടുതൽ വഷളാക്കുമെന്നും ബോർട്ട്നിക്കോവ് വ്യക്തമാക്കി. ഇറാൻ ഉൾപ്പെടുന്ന സംഘർഷങ്ങളുടെ തീവ്രത വർദ്ധിക്കുന്നതും കൂടുതൽ കക്ഷികൾ ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതും മിഡിൽ ഈസ്റ്റിനെ മാത്രമല്ല, മുഴുവൻ ഇസ്ലാമിക ലോകത്തെയും പൂർണ്ണമായി അസ്ഥിരപ്പെടുത്താൻ കാരണമാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
