പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മറ്റ് ഇടതുപക്ഷ നേതാക്കളെയും ലക്ഷ്യമിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡുകൾക്കെതിരെ കടുത്ത പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നും അവസാന ശ്വാസം വരെയും പോരാടുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
“വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിനുമുൻപിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും,” മുഹമ്മദ് റിയാസ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
അതേസമയം, ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പിണറായി വിജയനെതിരെയുള്ള കേസുകളുമായി ഇഡി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് റെയ്ഡ് എന്നാണ് സൂചനകൾ. ഇന്ന് രാവിലെ ആറ് മണി മുതലാണ് കേരളത്തിലും ബംഗളൂരുവിലുമായി ഇഡി പരിശോധന ആരംഭിച്ചത്.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ തറവാട്ടു വീട്ടിലും പരിശോധന തുടരുകയാണ്. കോഴിക്കോട്ടുള്ള പി.എ. മുഹമ്മദ് റിയാസ് എംഎൽഎയുടെ വസതിയിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്. കേരളത്തിൽ പത്തിടങ്ങളിലും ബംഗളൂരുവിൽ രണ്ടിടങ്ങളിലുമായാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്.
വലിയ പോലീസ് സന്നാഹമാണ് നിലവിൽ തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതിക്ക് മുന്നിൽ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. റെയ്ഡ് നടക്കുമെന്ന വിവരം മാധ്യമങ്ങൾക്ക് മുൻകൂട്ടി ലഭിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
കേന്ദ്ര സർക്കാരിനെയും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് ബിജെപിയും കോൺഗ്രസും സംയുക്തമായി ആസൂത്രണം ചെയ്ത രാഷ്ട്രീയ നീക്കമാണ് ഈ റെയ്ഡിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഡൽഹി യാത്രയ്ക്ക് തൊട്ടുപിന്നാലെയാണ് ഇഡി നാടകീയ നീക്കങ്ങളിലേക്ക് കടന്നത്. ഇന്ന് വി.ഡി. സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ റെയ്ഡുകൾ അരങ്ങേറുന്നത് എന്നതും രാഷ്ട്രീയ ഗൂഢാലോചനയുടെ ആക്കം കൂട്ടുന്നുവെന്ന് ഇടതുപക്ഷ കേന്ദ്രങ്ങൾ ആരോപിക്കുന്നു.
