പിണറായിയെ തകർക്കാൻ മകളെ ലക്ഷ്യമിടുന്നു; ഇഡി റെയ്ഡിനെ രാഷ്ട്രീയമായി നേരിടും: എം.എ. ബേബി

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡിനെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. പാർട്ടി ഇതിനെ രാഷ്ട്രീയമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ.എമ്മിനും പിണറായി വിജയനുമെതിരെ ലക്ഷ്യം വെച്ചുള്ള ഹീനമായ രാഷ്ട്രീയ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്നും, പിണറായിയെ തകർക്കാനാണ് മകൾ വീണ വിജയനെ വേട്ടയാടുന്നതെന്നും എം.എ. ബേബി ആരോപിച്ചു.

ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് അന്വേഷണം എന്നാണ് ഇഡി പറയുന്നതെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി. വീണ വിജയന്റെ സോഫ്റ്റ്‌വെയർ കമ്പനി സി.എം.ആർ.എല്ലിന് (CMRL) നൽകിയ സേവനങ്ങൾക്ക് മാസംതോറും കൈപ്പറ്റിയ വേതനം അഴിമതിയാണെന്ന് വരുത്തിതീർക്കാനാണ് ശ്രമം.

“അന്വേഷണത്തോട് വീണ വിജയൻ ഇതുവരെ പൂർണ്ണമായും സഹകരിച്ചിട്ടുണ്ട്. സഹകരിക്കാത്ത ഒരു പ്രശ്നവും ഇവിടെ ഉദിക്കുന്നില്ല. എന്നാൽ, ആ സഹകരണത്തെ പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ട്, വ്യക്തമായ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ് ഇപ്പോൾ റെയ്ഡ് നടത്തുന്നത്,” എം.എ. ബേബി പറഞ്ഞു.

വീണ വിജയൻ ചെയ്തതുപോലെ യാതൊരു സേവനവും നൽകാതെ വൻ തുകകൾ കൈപ്പറ്റിയ പ്രമുഖർ വേറെയുമുണ്ടെന്ന് എം.എ. ബേബി ആരോപിച്ചു. അതിൽ രണ്ടുപേർ ഇപ്പോഴത്തെ യുഡിഎഫ് മന്ത്രിസഭയിൽ അംഗങ്ങളാണെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഈ നീക്കങ്ങളിലൂടെ സി.പി.ഐ.എമ്മിനെയോ പിണറായി വിജയനെയോ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും, അവർക്ക് പാർട്ടിയെയും പിണറായിയെയും കുറിച്ച് അറിയാത്തതുകൊണ്ടാണ് ഇങ്ങനെയൊരു നീക്കത്തിന് മുതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയനെ എന്തുകൊണ്ട് അന്വേഷണ ഏജൻസികൾ തൊടുന്നില്ല എന്ന് നിരന്തരം ചോദിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പോൾ റെയ്ഡ് നടക്കുമ്പോൾ മൗനം പാലിക്കുകയാണെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി. റെയ്ഡുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന്റെ വീടുകളിൽ നടക്കുന്ന ഇഡി റെയ്ഡിനെ സി.പി.ഐ.എം കേന്ദ്രനേതൃത്വം ശക്തമായി അപലപിച്ചിട്ടുണ്ട്. കേന്ദ്രത്തിലെ ബിജെപി സർക്കാർ നടത്തുന്ന ഈ ആസൂത്രിത ആക്രമണത്തിൽ കേരളത്തിലെ യുഡിഎഫ് സർക്കാരിന് സന്തോഷമുണ്ടോ എന്നും എം.എ. ബേബി ചോദിച്ചു.

മറുപടി രേഖപ്പെടുത്തുക