മൂന്ന് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പ്രശസ്ത നടി സുകന്യയ്ക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ചന്ദനക്കടത്തുകാരൻ വീരപ്പനുമായി നടത്തിയ അഭിമുഖത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ പ്രമുഖ മാധ്യമ ശൃംഖലയായ സൺ ടിവി നെറ്റ്വർക്കിനാണ് കോടതിയിൽ കനത്ത തിരിച്ചടി . സുകന്യയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു.
1996 ഏപ്രിൽ 17-ന് സൺ ടിവിയിൽ സംപ്രേഷണം ചെയ്ത ‘നെരുക്കു നേർ’ എന്ന ജനപ്രിയ പരിപാടിക്കിടെയാണ് വിവാദങ്ങളുടെ തുടക്കം. തമിഴ് ഇൻവെസ്റ്റിഗേറ്റീവ് മാഗസിനായ ‘നക്കീരൻ’ എഡിറ്റർ ആർ.ആർ. ഗോപാൽ കാട്ടിൽവെച്ച് വീരപ്പനെ അഭിമുഖം നടത്തിയിരുന്നു. ഈ അഭിമുഖത്തിനിടയിൽ, മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ മകനുമായി നടി സുകന്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന തരത്തിൽ വീരപ്പൻ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു. കൂടാതെ, 1996-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുകന്യയുമായി ബന്ധപ്പെട്ട ചില വീഡിയോകൾ ഉപയോഗിച്ചിരുന്നതായും വീരപ്പൻ അവകാശപ്പെട്ടിരുന്നു.
വീരപ്പന്റെ ഈ പരാമർശങ്ങൾ പൂർണ്ണമായും അസത്യമാണെന്നും പൊതുസമൂഹത്തിൽ തന്റെ അന്തസ്സിനും പ്രശസ്തിക്കും ഇത് ഗുരുതരമായ നാശനഷ്ടം വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് സുകന്യ കോടതിയെ സമീപിച്ചത്. ഈ വ്യാജ ആരോപണങ്ങൾ തന്നെ മാനസികമായി കടുത്ത തകർച്ചയിലാക്കിയെന്നും അവർ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ 2015-ൽ വിചാരണക്കോടതി സുകന്യയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും സൺ ടിവി 10,00,500 രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയും ചെയ്തു. ഈ വിധിക്കെതിരെയാണ് സൺ ടിവി നെറ്റ്വർക്ക് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
എന്നാൽ, അപ്പീൽ പരിഗണിച്ച ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ച് സൺ ടിവിയുടെ വാദങ്ങൾ പൂർണ്ണമായി തള്ളി. അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് മുൻപ് അതിലെ ആക്ഷേപകരവും അപകീർത്തികരവുമായ ഭാഗങ്ങൾ പരിശോധിച്ച് നീക്കം ചെയ്യുന്നതിൽ പ്രക്ഷേപകർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി.
പരിപാടിയുടെ പൂർണ്ണ എഡിറ്റോറിയൽ നിയന്ത്രണം ചാനലിന് ഉണ്ടായിരുന്നിട്ടും, ഇത്തരം വിവാദ ഉള്ളടക്കം ഒരു കട്ടിംഗും കൂടാതെ എയർ വിട്ടത് തെറ്റാണെന്ന് കോടതി വിലയിരുത്തി. ഇതേത്തുടർന്നാണ് കീഴ്ക്കോടതി വിധി ശരിവെച്ചുകൊണ്ട് അന്തിമ ഉത്തരവിറക്കിയത്.
1980-കളിലും 90-കളിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിൽ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മുൻനിര നായികയായി തിളങ്ങിയ താരമാണ് സുകന്യ. നീണ്ട വർഷങ്ങൾക്കൊടുവിൽ ലഭിച്ച ഈ കോടതി വിധി താരത്തിന് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്.
