സൗരവ് ഗാംഗുലിയുടെ സുരക്ഷ ഇസഡിൽ നിന്ന് വൈ വിഭാഗത്തിലേക്ക് താഴ്ത്തി ബംഗാൾ സർക്കാർ

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുൻ ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ സുരക്ഷ പശ്ചിമ ബംഗാൾ സർക്കാർ വെട്ടിക്കുറച്ചു. ഇതുവരെ ഗാംഗുലിക്ക് നൽകിയിരുന്ന ‘ഇസഡ്’ കാറ്റഗറി സുരക്ഷ ഇനി മുതൽ ‘വൈ’ കാറ്റഗറി മാത്രമായിരിക്കുമെന്ന് സംസ്ഥാന ഭരണകൂടം അറിയിച്ചു. പശ്ചിമ ബംഗാളിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഭരണമാറ്റത്തിന് പിന്നാലെ, മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ വി.ഐ.പി സുരക്ഷകൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

നേരത്തെയുണ്ടായിരുന്ന ഇസഡ് കാറ്റഗറി പ്രകാരം പൈലറ്റ് വാഹനവും സംസ്ഥാന പോലീസിലെ കമാൻഡോകൾ ഉൾപ്പെടെ മുപ്പത്തിയഞ്ചോളം ഉദ്യോഗസ്ഥരുമാണ് ഗാംഗുലിയുടെ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. എന്നാൽ പുതിയ വൈ കാറ്റഗറിയിലേക്ക് മാറിയതോടെ ഇത് രണ്ടോ മൂന്നോ സായുധ സുരക്ഷാ ഭടന്മാർ ഉൾപ്പെടുന്ന ചെറിയൊരു സംഘമായി ചുരുങ്ങും. നിലവിൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി ഈ തീരുമാനത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സംസ്ഥാനത്ത് യഥാർത്ഥ ഭീഷണിയുള്ള പ്രമുഖർക്ക് മാത്രം വി.ഐ.പി സുരക്ഷ ഉറപ്പാക്കിയാൽ മതിയെന്ന മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് മുൻ സർക്കാരിന്റെ കാലത്ത് അനുവദിച്ച സുരക്ഷാ ക്രമീകരണങ്ങൾ മാറ്റിയെഴുതുന്നത്.

ഈ പുതിയ നയത്തിന്റെ ഭാഗമായി നേരത്തെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ അധിക സുരക്ഷയും പുതിയ സർക്കാർ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിരവധി ടി.എം.സി നേതാക്കൾക്കും മുൻ ഉദ്യോഗസ്ഥർക്കുമൊപ്പം സൗരവ് ഗാംഗുലിയുടെ സുരക്ഷയും വെട്ടിക്കുറച്ചിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക