സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഉയർന്ന വ്യാപക പരാതികളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധാന് കത്തയച്ചു.
2026 മേയ് 13-ന് ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. പുനർമൂല്യനിർണയ നടപടികളിൽ ഗുരുതരമായ സാങ്കേതിക-ഭരണപരമായ വീഴ്ചകൾ ഉണ്ടായതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു.
വെബ്സൈറ്റ് തകരാറുകൾ, രജിസ്ട്രേഷൻ പിഴവുകൾ, ഫീസ് അടയ്ക്കുന്നതിലെ ബുദ്ധിമുട്ടുകൾ, അപേക്ഷാ സ്ഥിരീകരണത്തിലെ കാലതാമസം എന്നിവയാണ് പ്രധാന പരാതികൾ. കൂടാതെ, ഉത്തരക്കടലാസുകളുടെ പകർപ്പുകൾ ലഭിക്കുന്നതിൽ വൈകുന്നതും ലഭിച്ച പകർപ്പുകൾ വ്യക്തതയില്ലാത്തതുമാണ് വിദ്യാർത്ഥികളിൽ ആശങ്ക വർധിപ്പിക്കുന്നത്.
ആവശ്യമായ മുൻകരുതലുകളോ മതിയായ മാർഗനിർദേശങ്ങളോ നൽകാതെയാണ് ‘ഓൺ-സ്ക്രീൻ മാർക്കിംഗ്’ സംവിധാനം നടപ്പിലാക്കിയതെന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്. വിഷയത്തിൽ വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സതീശൻ കേന്ദ്ര മന്ത്രിക്ക് കത്തയച്ചത്.
