കിഫ്ബിയിൽ കടുത്ത നിയന്ത്രണങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ; മുഴുവൻ ഇടപാടുകളും ഓഡിറ്റ് ചെയ്യും

കിഫ്ബി പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര നിർദ്ദേശം. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ധനവകുപ്പ് നിർബന്ധമായും അറിയണമെന്നും ഒരു പ്രത്യേക ‘സാമ്രാജ്യം’ പോലെ ഇനി ഇതിനെ കൊണ്ടുനടക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഇന്ന് നടന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിലാണ് മുഖ്യമന്ത്രി ഈ കർശന നിലപാടുകൾ വ്യക്തമാക്കിയത്.

കിഫ്ബിയുടെ ഇതുവരെയുള്ള മുഴുവൻ ഇടപാടുകളും സമഗ്രമായ ഓഡിറ്റിന് വിധേയമാക്കും. ഇതിനായി പുറത്തുനിന്നുള്ള പ്രൊഫഷണൽ ഏജൻസിയെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കിഫ്ബിയുടെ നിലവിലുള്ള പ്രവർത്തന ശൈലിയിലും ധനസമാഹരണ രീതിയിലും വലിയ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും.

ഇതുവരെ കിഫ്ബി നടത്തിയതിൽ ഏറെയും വരുമാനം ലഭിക്കാത്ത പദ്ധതികളാണെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. പൊതുമരാമത്ത് വകുപ്പ് നേരിട്ട് നടപ്പാക്കേണ്ട പദ്ധതികളാണ് മുൻപ് കിഫ്ബി വഴി നടപ്പാക്കിയിരുന്നത്. ഈ രീതി അവസാനിപ്പിച്ച്, ഇനി മുതൽ കൃത്യമായ വരുമാനം തിരിച്ചുലഭിക്കുന്ന പദ്ധതികളിലേക്ക് കിഫ്ബിയെ മാറ്റും.

കിഫ്ബിയിലെ ജീവനക്കാരുടെ ഉയർന്ന അലവൻസുകൾ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് തൊട്ടുപിന്നാലെ കിഫ്ബി സി.ഇ.ഒ ആയിരുന്ന കെ.എം. എബ്രഹാം സ്ഥാനം രാജിവെച്ചിരുന്നു. നിലവിൽ അഡീഷണൽ ഡയറക്ടറായ മിനി ആന്റണിക്കാണ് സി.ഇ.ഒയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക