ജി സുധാകരൻ സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന നടത്താന്‍ തയാറാകുന്നു: മുഖ്യമന്ത്രി

ജി സുധാകരന്റെ വിവാദ പ്രസ്താവനകളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. നശിക്കാനുള്ള തീരുമാനത്തോടെ ശത്രുപക്ഷത്തോട് ചേർന്നാൽ അധപതനത്തിന്റെ ഭാഗമായി എന്തും പറയുന്ന നിലയിലേക്ക് എത്തുമെന്നു അദ്ദേഹം വിമർശിച്ചു. അതിന്റെ ഉദാഹരണമാണ് സുധാകരന്റെ ഇപ്പോഴത്തെ പരാമർശങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭുവനേശ്വരന്റെ കൊലപാതകം എങ്ങനെ നടന്നുവെന്ന് ജി. സുധാകരൻക്കും നാട്ടുകാർക്കും വ്യക്തമായ കാര്യമാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. എസ്എഫ്‌ഐ നേതാവായിരുന്ന കാലം മുതൽ പറഞ്ഞിരുന്ന കാര്യങ്ങൾക്ക് വിരുദ്ധമായ നിലപാടുകളാണ് ഇപ്പോൾ അദ്ദേഹം സ്വീകരിക്കുന്നതെന്നും, സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിലൂടെ അധപതനമാണ് പ്രകടമാകുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതേസമയം, സി. എസ്. സുജാതക്കെതിരായ പരാമർശവും മുഖ്യമന്ത്രി ശക്തമായി അപലപിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് ആ പ്രസ്താവനയെന്നും, ഒരു സ്ഥാനാർത്ഥി ചെയ്യാൻ പാടില്ലാത്ത കാര്യമായതിനാൽ അത് അങ്ങേയറ്റം അപലനീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യംവച്ച് നടത്തിയ പരാമർശങ്ങൾ അമ്പലപ്പുഴയിൽ സ്വാധീനം ചെലുത്തില്ലെന്നും, ശത്രുപക്ഷത്തെ സന്തോഷിപ്പിക്കാൻ ഇനിയും ഇത്തരം പ്രസ്താവനകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക