ഐപിഎല്ലിലെ കുപ്രസിദ്ധമായ ‘സ്ലാപ്പ്ഗേറ്റ്’ സംഭവത്തിന് പതിനെട്ട് വർഷങ്ങൾക്ക് ശേഷം മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്, മുൻ സ്പിന്നർ ഹർഭജൻ സിംഗ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. പഴയ സംഭവത്തെ ആസ്പദമാക്കി പരസ്യത്തിലൂടെ സാമ്പത്തിക ലാഭം കണ്ടെത്തുകയാണെന്ന് ശ്രീശാന്ത് ആരോപിച്ചു.
ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ച് ശരിയാക്കാൻ ശ്രമിക്കുന്ന ആശയവുമായി പുറത്തിറങ്ങിയ ഒരു പരസ്യത്തിലാണ് ഹർഭജൻ “ശരി ആയി അടിച്ചാൽ എല്ലാം ശരിയാകും” എന്ന തരത്തിലുള്ള സംഭാഷണം പറയുന്നത്. ഈ പരസ്യം തന്നെ പ്രകോപിപ്പിച്ചതായാണ് ശ്രീശാന്ത് വ്യക്തമാക്കിയത്.
താൻ ഇതുവരെ ഹർഭജനെയോ ‘സ്ലാപ്പ്ഗേറ്റ്’ സംഭവത്തെയോ കുറിച്ച് പൊതു വേദികളിൽ സംസാരിച്ചിട്ടില്ലെന്നും, എന്നാൽ ഈ പരസ്യം പുറത്തുവന്നതോടെ പ്രതികരിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. പരസ്യത്തിലൂടെ ഹർഭജൻ വലിയ സാമ്പത്തിക ലാഭം നേടിയെന്നും, തുടർന്ന് തന്നെ ബന്ധപ്പെട്ടു ഇതിനെക്കുറിച്ച് കഥ എഴുതാൻ ആവശ്യപ്പെട്ടുവെന്നും ശ്രീശാന്ത് ആരോപിച്ചു.
“ഞാൻ ക്ഷമിക്കും, പക്ഷേ ഒരിക്കലും മറക്കില്ല” എന്ന് താൻ ഹർഭജനോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഒരാൾ ചെയ്ത തെറ്റ് മറക്കുന്നത് വീണ്ടും ആവർത്തിക്കാൻ ഇടയാക്കുമെന്നുമാണ് ശ്രീശാന്തിന്റെ നിലപാട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹർഭജനുമായി യാതൊരു ബന്ധവുമില്ലെന്നും, ഇക്കഴിഞ്ഞ പരസ്യ വിവാദത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹത്തെ ബ്ലോക്ക് ചെയ്തതായും ശ്രീശാന്ത് കൂട്ടിച്ചേർത്തു.
