കേരളത്തിന്റെ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: മുഖ്യമന്ത്രി വി.ഡി സതീശൻ

കേരളത്തിന്റെ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോഴിക്കോട് പൗരാവലി നൽകിയ വമ്പൻ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഇരുപത് വർഷമായി മാറ്റമില്ലാതെ തുടരുന്ന ‘കേരള മോഡൽ’ തനിക്ക് വലിയ അഭിമാനമാണെന്നും, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ മെച്ചപ്പെടുത്തുക എന്നത് പുതിയ സർക്കാരിന് മുന്നിലുള്ള വലിയൊരു വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലത്തിനൊപ്പം ഓടിയെത്താൻ എല്ലാ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും, ഇതിന്റെ ഭാഗമായി ഉദ്യോഗാർത്ഥികൾക്കായി ഒരു ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മികച്ച വികസനത്തിലൂടെ കേരളത്തെ മുഴുവൻ ഒരു തുറമുഖ നഗരമാക്കി മാറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ പദ്ധതികളുടെ നടത്തിപ്പിൽ ഉണ്ടാകുന്ന വീഴ്ചകളാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി തുറന്നുപറഞ്ഞു. നിലവിലുള്ള ഭരണസംവിധാനത്തിലെ ഇത്തരം തകരാറുകൾ അടിയന്തിരമായി പരിഹരിക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കും.

“സംസ്ഥാന ഖജനാവ് നിറച്ച് വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടുതന്നെ നികുതി വെട്ടിപ്പുകൾ കർശനമായി തടയും. ജനങ്ങളുടെ നികുതി പണത്തിൽ നിന്നും ഒരു രൂപയുടെ ചോർച്ച പോലും അനുവദിക്കില്ല. എത്ര വലിയ പ്രഭുക്കന്മാരായാലും ശരി, നികുതി അടയ്ക്കാതിരിക്കാൻ ഇനി നിയമം അനുവദിക്കില്ല.”

ഭരണകൂടം കൈകാര്യം ചെയ്യുന്നത് ജനങ്ങളുടെ പണമാണെന്ന പൂർണ്ണമായ ബോധ്യത്തോടെയും ഉത്തരവാദിത്തത്തോടെയും മാത്രമായിരിക്കും ഈ സർക്കാർ മുന്നോട്ട് പോവുകയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകി. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വൻ പിന്തുണയും ജനവിശ്വാസവും ഒരിക്കലും മറക്കില്ലെന്നും, നാടിന്റെ സമഗ്ര വികസനത്തിനായി അത് പൂർണ്ണമായി വിനിയോഗിക്കുമെന്നും പൗരാവലിക്ക് മുന്നിൽ അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക