ശ്രുതിയുടെ വീടിനായുള്ള അപേക്ഷ തള്ളിയിട്ടില്ല: മന്ത്രി കെ രാജന്‍

വയനാട്ടിൽ ശ്രുതിയുടെ വീടിനായുള്ള അപേക്ഷ തള്ളിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. 15 ലക്ഷം രൂപ തിരികെ നൽകുകയും കൽപ്പറ്റ ടൗൺഷിപ്പിൽ വീട് നിർമ്മിച്ച് നൽകണമെന്നുമുള്ള അപേക്ഷ സമർപ്പിച്ചവരിൽ ശ്രുതിയുൾപ്പെടെ മൂന്ന് പേരുണ്ടെന്നും മന്ത്രി അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ശ്രുതിയുടെ അപേക്ഷ തള്ളിയെന്ന ആരോപണം തെരഞ്ഞെടുപ്പ് സമയത്ത് വിവാദമായിരുന്നു. എന്നാൽ, “ശ്രുതിയുടെ വീട് മാത്രമായി തള്ളിയിട്ടില്ല. 10-ാം തീയതി ക്യാബിനറ്റിന് മുമ്പാകെ ശ്രുതിയുൾപ്പെടെ മൂന്ന് പേർ തുക തിരികെ നൽകുകയും ഇവിടെ തന്നെ തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് അറിയിച്ചിരുന്നു,” മന്ത്രി പറഞ്ഞു.

104 പേർ ഇതിനകം ധനസഹായം വാങ്ങി മാറിയ സാഹചര്യത്തിൽ ചിലർ തിരിച്ചുവരാൻ സാധ്യതയുണ്ടെന്നും, എന്നാൽ അതിന് വ്യക്തമായ കാരണങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അപേക്ഷകൾ തള്ളിയിട്ടില്ലെന്നും, തിരിച്ചുവരാനുള്ള കാരണം ദുരന്തനിവാരണ വകുപ്പിനെ ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രുതിയുടെ വിഷയത്തിൽ സർക്കാർ ഗൗരവമായ ഇടപെടലാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു. കുടുംബാംഗങ്ങളെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട സാഹചര്യത്തിൽ റവന്യൂ വകുപ്പിൽ ജോലി നൽകുന്നതിനും മുൻഗണന നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഖദീജ പറമ്പിൽ വീട്, ആയിഷ പാലോക്കാടാൻ, ശ്രുതി എന്നിവരാണ് തുക തിരികെ നൽകാമെന്ന് അപേക്ഷ നൽകിയിരിക്കുന്നത്. ഇവരുടെ അപേക്ഷകളൊന്നും തള്ളിയിട്ടില്ലെന്നും, ഉചിതമായ വിശദീകരണം നൽകാൻ ദുരന്തനിവാരണ വകുപ്പിനെ നിർദേശിച്ചതായും മന്ത്രി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക