എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. 12 വർഷത്തെ ഭരണത്തിന് ശേഷം പ്രധാനമന്ത്രി നിരാശയിലാണെന്നും, രാജ്യത്തെ അഭിസംബോധന ചെയ്ത ഔദ്യോഗിക പ്രസംഗം പൂർണ്ണമായും രാഷ്ട്രീയ പ്രസംഗമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കുമ്പോഴും ഭരണകൂട യന്ത്രങ്ങളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തിനെതിരെ തെറ്റായ പ്രചാരണം നടത്തിയതായും ഖാർഗെ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിനെതിരെ നിരന്തരം ആക്രമണം നടത്തുകയും നുണകൾ പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും അപമാനം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ കോൺഗ്രസിനെ 59 തവണ പരാമർശിച്ചതായും, കൂടുതലും സ്ത്രീകളെക്കുറിച്ചായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. ഇത് സർക്കാരിന്റെ മുൻഗണനകൾ വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് എന്നും വനിതാ സംവരണത്തെ പിന്തുണച്ച പാർട്ടിയാണെന്നും 2010-ൽ രാജ്യസഭയിൽ ബിൽ പാസാക്കിയതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
2023-ൽ ബിജെപി കൊണ്ടുവന്ന വനിതാ സംവരണ ബിൽ കോൺഗ്രസ് പിന്തുണച്ചിരുന്നുവെന്നും, എന്നാൽ അത് നടപ്പാക്കാൻ വർഷങ്ങൾ എടുത്തത് സർക്കാരിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നതാണെന്നും ഖാർഗെ പറഞ്ഞു. 543 ലോക്സഭാ സീറ്റുകളിൽ 33 ശതമാനം വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡീലിമിറ്റേഷൻ വിഷയവും വനിതാ സംവരണ ബില്ലും കൂട്ടിക്കലർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആരോപിച്ച ഖാർഗെ, പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, കോൺഗ്രസിന്റെ ചരിത്രപരമായ സംഭാവനകളും ഖാർഗെ ചൂണ്ടിക്കാട്ടി. ഹരിത വിപ്ലവം, ധവള വിപ്ലവം, ബഹിരാകാശ പുരോഗതി, ആണവോർജ വികസനം, 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങൾ എന്നിവ കോൺഗ്രസിന്റെ നേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ആധാർ, വിവരാവകാശം, വിദ്യാഭ്യാസ അവകാശം, ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പ് നിയമം എന്നിവ കൊണ്ടുവന്നെങ്കിലും പിന്നീട് അവയെ ദുര്ബലമാക്കിയതായും അദ്ദേഹം ആരോപിച്ചു.
