കേരളത്തിൽ തിരഞ്ഞെടുപ്പിൽ തട്ടി കൂട്ടിയ സർവേകളാണ് വരുന്നത്; യുഡിഎഫ് നൂറിലേറെ സീറ്റുകളുമായി അധികാരത്തിലെത്തും: വിഡി സതീശൻ

പ്രി-പോൾ സർവേകൾ പണം നൽകി തയ്യാറാക്കുന്നതാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാനാണ് ഇത്തരം സർവേകൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് സതീശൻ അവകാശപ്പെട്ടു.

എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന തരത്തിൽ ചിത്രം സൃഷ്ടിക്കാനാണ് ചില ചാനൽ സർവേകൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ പുറത്തിറങ്ങുന്ന പല സർവേകളും തട്ടിക്കൂട്ടിയതാണെന്നും ഭൂരിഭാഗത്തിനും വിശ്വാസ്യതയില്ലെന്നും സതീശൻ വിമർശിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും സമാനമായ പ്രവണത കണ്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യഥാർത്ഥ ജനാഭിപ്രായം ഇത്തരം സർവേകളിൽ പ്രതിഫലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്നുണ്ടെന്നും, സർക്കാർ പരാജയപ്പെട്ട മേഖലകളിൽ ബദൽ പദ്ധതികളുമായി യുഡിഎഫ് രംഗത്തെത്തുകയാണെന്നും സതീശൻ പറഞ്ഞു. ഇതിനായി സമഗ്രമായ തയ്യാറെടുപ്പുകൾ മുന്നണിയിലൂടെ പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ പരാജയം നേരിടുമെന്ന ഭയത്തിലാണ് സിപിഐഎം വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിടുന്നതെന്നും, എന്നാൽ അതിലൂടെ യുഡിഎഫിനെ തോൽപ്പിക്കാൻ കഴിയില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക