സ്വതന്ത്ര സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ജി സുധാകരന് എതിരെ പ്രതിഷേധം ; സുരക്ഷയുമായി പോലീസ്

സിപിഎമ്മിനോട് ഭിന്നത പ്രകടിപ്പിച്ച് സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരനെതിരെ പ്രതിഷേധം ശക്തമാകുന്നു. നേതാക്കളുടെ കടുത്ത പ്രതികരണങ്ങളും പ്രതിഷേധ പ്രകടനങ്ങളും പിന്നാലെ, അദ്ദേഹത്തിന്റെ വീടിന് മുന്നിൽ ബാനറുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ജി. സുധാകരനെ രാഷ്ട്രീയമായി നേരിടാൻ സിപിഎം തയ്യാറെടുക്കുകയാണെന്ന സൂചനയാണ് ഈ സംഭവവികാസങ്ങൾ നൽകുന്നത്.

പുന്നപ്രയിലെ ‘നവനീതം’ എന്ന സുധാകരന്റെ വീടിന് മുന്നിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. “കുലം കുത്തികളെ കാലം വർഗവഞ്ചകരെന്ന് വിളിക്കും” എന്ന വാചകമാണ് ബാനറിൽ എഴുതിയിരിക്കുന്നത്. ‘ഭഗവതിക്കൽ സഖാക്കൾ’ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചത്. കൂടാതെ “രക്തസാക്ഷികൾ സിന്ദാബാദ്”, “വർഗവഞ്ചകർക്ക് മാപ്പില്ല, വോട്ടില്ല” തുടങ്ങിയ പോസ്റ്ററുകളും വീടിന്റെ മതിലുകൾ ഉൾപ്പെടെ പതിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ, നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ജി. സുധാകരന്റെ വീടിന് പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. പുന്നപ്ര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വീടിന് മുന്നിൽ കാവലിരുന്നത്. വ്യാഴാഴ്ച രാത്രിയും വീടിന് മുന്നിൽ പൊലീസ് സാന്നിധ്യം തുടരുകയായിരുന്നു.

പാർട്ടി വിടുമെന്ന് സുധാകരൻ പ്രഖ്യാപിച്ചതിന് പിന്നാലെ ആലപ്പുഴയിലെ സിപിഎം നേതാക്കൾ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. സുധാകരന്റെ നിലപാട് യുഡിഎഫിനെയും ബിജെപിയെയും സഹായിക്കുന്നതാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക