ഇന്ത്യ–പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടുവെന്ന ചൈനയുടെ അവകാശവാദം കേന്ദ്ര സർക്കാർ തള്ളി. വിഷയത്തിൽ ലോക രാജ്യങ്ങളാരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അമേരിക്കയുടെയും ചൈനയുടെയും അവകാശവാദങ്ങൾ തള്ളുന്നുണ്ടെങ്കിലും, ഇതുവരെ കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല .
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നേരിട്ട് വ്യക്തത വരുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ചൈനയുടെ അവകാശവാദം ദേശസുരക്ഷയെ പരിഹസിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എക്സിൽ കുറിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിന്നാലെ, ചൈനീസ് വിദേശകാര്യ മന്ത്രിയും സംഘർഷം പരിഹരിക്കാൻ ഇടപെട്ടുവെന്ന് കഴിഞ്ഞ ദിവസം അവകാശവാദം ഉന്നയിച്ചിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ വെടിനിർത്തൽ ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാർ നേരിട്ട് നടത്തിയ ചർച്ചകളുടെ ഫലമായാണെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ–പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടതായി ട്രംപ് പലതവണ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ചൈനയും പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. ട്രംപിന്റെ അവകാശവാദങ്ങളും ഇന്ത്യ മുമ്പ് തള്ളിയിരുന്നു.
